KERALAMLATEST NEWS

ആന എഴുന്നള്ളത്ത് പരിമിതപ്പെടുത്തണം, ശുപാർശ നൽകാൻ തിരു.ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങുകൾക്ക് മാത്രമായി ആന എഴുന്നള്ളത്ത് പരിമിതപ്പെടുത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സർക്കാരിന് ഇതുസംബന്ധിച്ച ശുപാർശ സമർപ്പിക്കും. മറ്റ് ദേവസ്വം ബോ‌ർഡുകൾ, ക്ഷേത്ര തന്ത്രിമാ‌ർ എന്നിവരോട് ഉൾപ്പെടെ ചർച്ച ചെയ്താകും ശുപാർശ നൽകുക. ക്ഷേത്രാചാരങ്ങൾക്ക് വിഘാതമാകാത്ത വിധത്തിലായിരിക്കുമിത്.

ക്ഷേത്രങ്ങളിൽ ആനയിടഞ്ഞുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. പള്ളിവേട്ട, ആറാട്ട് തുടങ്ങിയ പ്രധാന ചടങ്ങുകളിൽ ആനയെ എഴുന്നള്ളിക്കാം. മറ്റ് ചടങ്ങുകൾക്ക് ജീവിത, രഥം, ദേവവാഹനങ്ങൾ എന്നിവ ഉപയോഗിക്കാമെന്ന നിർദ്ദേശമാകും മുന്നോട്ടുവയ്ക്കുക. സപ്താഹം, നവാഹം, വഴിമേൽ പറയെടുപ്പ് എന്നിവയിൽ നിന്ന് ആനകളെ ഒഴിവാക്കണമെന്നും ആവശ്യപ്പെടും. ആനകളെ വെയിലത്ത് എഴുന്നള്ളിക്കുന്നതിനോടും വിയോജിപ്പുണ്ട്. സ്ഥലപരിമിതിയുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ ആനകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം.

ആനകൾക്ക് സമീപത്തെ

ഡി.ജെയും വിലക്കണം

എഴുന്നള്ളിക്കുന്ന ആനകൾക്ക് സമീപം നടത്തുന്ന ഡി.ജെ മേളം,​ ലേസർ ഷോ എന്നിവയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തണമെന്നും സർക്കാരിനോട് ആവശ്യപ്പെടും. ആനകൾ അക്രമാസക്തരാകാൻ ഇടയാക്കുമെന്നതു കൊണ്ടാണിത്.

”ആചാരസംരക്ഷണത്തിനൊപ്പം വിശ്വാസികളുടെ ജീവനും ബോ‌ർഡിന് പരമപ്രധാനമാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങളിൽ ആനയെ ഒഴിവാക്കാനാവില്ല. ആന എഴുന്നള്ളത്ത് യുക്തിപൂർവമാണെങ്കിൽ അപകടങ്ങൾ ഒഴിവാക്കാം.

-പി.എസ്.പ്രശാന്ത്,​ പ്രസിഡന്റ്,​

തിരുവിതാംകൂർ ദേവസ്വം ബോർഡ്


Source link

Related Articles

Back to top button