കർണാടകയിൽ മാവോയിസ്റ്റുകളുടെ പുനരധിവാസത്തിന് 10 കോടി

ബംഗളൂരു: ആയുധം താഴെവച്ച് കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ പുനരധിവാസത്തിനായി കർണാടക സർക്കാർ പത്തു കോടി രൂപ വകയിരുത്തി. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കർണാടക നക്സൽ രഹിത സംസ്ഥാനമായതായും അതിനാൽ നക്സൽ വിരുദ്ധ സേനയെ പിരിച്ചുവിടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബജറ്റിൽ ബംഗളൂരു നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് 7000 കോടി രൂപ നീക്കിവച്ചു. ന്യൂനപക്ഷക്ഷേമത്തിന് 1000 കോടി വകയിരുത്തി. ന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാന്പത്തിക വികസനത്തിനായി ജൈന, ബുദ്ധ, സിക്ക് മതവിഭാഗങ്ങൾക്ക് 100 കോടി വീതവും ക്രിസ്ത്യൻ സമുദായത്തിന് 250 കോടിയും വകയിരുത്തി. ജൈനമത പൂജാരിമാർ, സിക്ക് ഗുരുദ്വാരകളിലെ മുഖ്യ പുരോഹിതർ, മോസ്കുകളിലെ ഇമാമുമാർ എന്നിവരുടെ പ്രതിമാസ ഹോണറേറിയം 6000 രൂപയായി വർധിപ്പിച്ചു.
വനിതാ ശക്തീകരണം മുൻനിർത്തി സംസ്ഥാനത്ത് 15 പുതിയ വനിതാ കോളജുകൾ ആരംഭിക്കും. ഒഴിഞ്ഞുകിടക്കുന്ന വഖഫ് വസ്തുക്കളിലായിരിക്കും കോളജുകൾ സ്ഥാപിക്കുക. സംസ്ഥാനത്തെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. കന്നഡ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കർണാടക ഒടിടി പ്ലാറ്റ്ഫോം തുടങ്ങുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ചു. സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നൽകും. മൈസൂരുവിൽ 500 കോടി രൂപ ചെലവിൽ പിപിപി മാതൃകയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫിലിം സിറ്റി വികസിപ്പിക്കാനായി 150 ഏക്കർ ഭൂമി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് കൈമാറിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Source link