എം.ഡി.എം.എയുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ആലപ്പുഴ: എം.ഡി.എം.എയും രണ്ട് സിറിഞ്ചുകളുമായി ആലപ്പുഴയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. എസ്.എഫ്.ഐ ആലപ്പുഴ ഏരിയ മുൻസെക്രട്ടറിയും യൂണിവേഴ്സിറ്റി യൂണിയൻ മുൻകൗൺസിലറുമായ സി.പി.എം മുനിസിപ്പൽ സ്റ്റേഡിയം ബ്രാഞ്ച് സെക്രട്ടറി ജെ.വിഘ്നേഷിനെയാണ് (30) ആലപ്പുഴ സൗത്ത് എസ്.ഐ ജി.എസ്.ഉണ്ണിക്കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പിടികൂടിയത്. വിഘ്നേഷ് വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടേക്ക് പോകുമ്പോഴാണ് സ്റ്റേഡിയത്തിന് സമീപത്ത് വച്ച് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്ന് 0.20 ഗ്രാം എം.ഡി.എം.എയും രണ്ട് കാലി സിറിഞ്ചും 2500 രൂപയും കണ്ടെത്തി. മാർച്ച് 2ന് രാത്രി 9.30നായിരുന്നു സംഭവം.
സ്റ്രേഷനിലെത്തിച്ച വിഘ്നേഷിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. മയക്കുമരുന്നിന്റെ ഉറവിടത്തെപ്പറ്റിയും കൈവശമുണ്ടായിരുന്ന പണം ഇത് വിറ്റഴിച്ച വകയിൽ ലഭിച്ചതാണോയെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.
Source link