‘ഇറാനുമായി ആണവ കരാർ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു’; പശ്ചിമേഷ്യയിൽ പുതിയ നീക്കവുമായി ട്രംപ്

വാഷിങ്ടൻ ∙ ഇറാനുമായി ആണവ കരാറിനെക്കുറിച്ചു ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് ഇറാന് കത്തെഴുതിയതായും ട്രംപ് വ്യക്തമാക്കി. ഇറാന്‍റെ കാര്യത്തിൽ ഇതു നല്ല തീരുമാനം ആയിരിക്കുമെന്നും അതിനാൽ യുഎസുമായി ഇറാൻ ചർച്ച നടത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും വെള്ളിയാഴ്ച ഫോക്സ് ബിസിനസ് നെറ്റ്‌വർക്കിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ അഭിസംബോധന ചെയ്താണ് കത്ത് എഴുതിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം വിഷയത്തെകുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015ല്‍ ഇറാനും അമേരിക്കയുമുള്‍പ്പെടെയുള്ള 6 രാജ്യങ്ങൾ തമ്മില്‍ ആണവക്കരാറില്‍ ഒപ്പിട്ടിരുന്നു. ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് കരാര്‍ നിലവില്‍വന്നത്. എന്നാല്‍, പിന്നീട് അധികാരത്തിലെത്തിയ ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി കരാറിൽനിന്നു പിന്മാറുകയായിരുന്നു.
Source link