LATEST NEWS

വാടകവീട്ടിൽ നൂറിലധികം നായ്ക്കൾ; പ്രതിഷേധവുമായി നാട്ടുകാർ, ആത്മഹത്യാഭീഷണി മുഴക്കി അമ്മയും മകനും, നായ്ക്കളെ മാറ്റും


പത്തനംതിട്ട∙ അടൂർ ഏറത്ത് പഞ്ചായത്തിലെ തുവയൂർ വടക്ക് വാടകവീട്ടിലെ നായവളർത്തലിന് എതിരെ പ്രതിഷേധവുമായി നാട്ടുകാർ. നൂറിലധികം നായ്ക്കൾ വീട്ടിലുണ്ടെന്നും കുരയും ദുർഗന്ധവും പതിവാണെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു അമ്മയും മകനും ആത്മഹത്യാഭീഷണി മുഴക്കി. നായ്ക്കൾക്കു വിഷം കൊടുത്തു തങ്ങളും ജീവനൊടുക്കുമെന്നായിരുന്നു ഭീഷണി. കോഴഞ്ചേരി സ്വദേശിയായ സന്ധ്യയും മകനുമാണു നായ്ക്കളെ വളർത്തുന്നത്. എന്നാൽ നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ മാർച്ച് 22ന് മുമ്പ് നായ്ക്കളെ വീട്ടിൽ നിന്നും മാറ്റാമെന്നു വീട്ടുകാർ രേഖാമൂലം അറിയിച്ചു. ഇതോടെ നാട്ടുകാർ പിരിഞ്ഞുപോയി. വീടിന്റെ ജനലുകളും കതകുകളും അടച്ച് നായ്ക്കളോടൊപ്പമാണു ഇരുവരും കഴിയുന്നതെന്നും അന്വേഷിച്ചെത്തിയാലും കതക് തുറക്കില്ലെന്നും നാട്ടുകാർ പറഞ്ഞു. വീട്ടിനുള്ളിൽ 50 ഓളം വലിയ പട്ടികളും 40 ൽ അധികം ചെറിയ പട്ടികളുമുണ്ട്.  പുറത്തുള്ള പട്ടിക്കൂട്ടിൽ ഒരു പട്ടിയും വീടിനു മുൻവശത്തെ പ്രധാന വാതിലിലിന് പുറത്തു ഒരു പട്ടിയുമുണ്ട്. ആരെങ്കിലും ചെന്നാൽ അറിയാനുള്ള മാർഗമായാണ് രണ്ട് പട്ടികളെ മാത്രം പുറത്തിട്ടിരിക്കുന്നതെന്നാണു നാട്ടുകാർ പറയുന്നത്. മുൻ പഞ്ചായത്ത് മെമ്പർ കൂടിയായ തുളസീധരനും ഭാര്യയും മരിച്ചതിനാൽ വീട് പൂട്ടികിടക്കുകയായിരുന്നു. തുളസീധരന്റെ മകനാണ് വീട് വാടകയ്ക്ക് നൽകിയത്. അതേസമയം മാർച്ച് 22ന് മുമ്പ് നായ്ക്കളെ വീട്ടിൽ നിന്നും മാറ്റാമെന്ന രേഖാമൂലമുള്ള ഉറപ്പിൽ നാട്ടുകാർ പിരിഞ്ഞുപോയി. പഞ്ചായത്ത് പ്രസിഡൻ്റ് രാജേഷ് അമ്പാടി, വാർഡ് മെമ്പർ ഉഷാ ഉദയൻ, അനീഷ് രാജ്, രാജേഷ് മണക്കാല എന്നിവർ സ്ഥലത്തെത്തി നടത്തിയ ചർച്ചയിലാണ് മാർച്ച് 22 ന് മുമ്പ് നായ്ക്കളെ വീട്ടിൽ നിന്നും മാറ്റാമെന്ന് പഞ്ചായത്ത് പ്രസിഡന്റിനു രേഖാമൂലം ഉറപ്പ് നൽകിയത്.


Source link

Related Articles

Back to top button