ആറളം ഫാമിലെ കാട്ടാനയാക്രമണം: ‘വകുപ്പുകളെ ഏകോപിപ്പിക്കാൻ സംവിധാനം വേണം’; സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി

കൊച്ചി ∙ കാട്ടാന ആക്രമണം രൂക്ഷമായ കണ്ണൂർ ആറളം ഫാമിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനുള്ള സംവിധാനമൊരുക്കണമെന്നു ഹൈക്കോടതി. വനംവകുപ്പ് സെക്രട്ടറിയെപ്പോലെ സീനിയർ ഉദ്യോഗസ്ഥരിലൊരാളുടെ നേതൃത്വത്തിലായിരിക്കണം സമിതിയെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ തിങ്കളാഴ്ച മറുപടി നൽകണം. കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ആറളം ഫാമിൽ അടിക്കടിയുണ്ടാകുന്ന കാട്ടാന ആക്രമണവും പരിഗണനയ്ക്കു വന്നത്. ഇവിടെ 10 കിലോമീറ്റർ നീളത്തിൽ വേലി കെട്ടണമെന്നും എങ്കിൽ മാത്രമേ കാട്ടാന ശല്യം കുറയുകയുള്ളുവെന്നും സർക്കാർ വ്യക്തമാക്കി. ഇതിൽ 60 ശതമാനം വേലിയുടെ നിർമാണത്തിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും സർക്കാർ വ്യക്തമാക്കി. ഈ സന്ദർഭത്തിലാണ് എങ്ങനെയാണ് എസ്‍സി, എസ്‍ടി, വനം, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നത് എന്ന് കോടതി ആരാഞ്ഞത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലാത്തത് പല പ്രശ്നങ്ങളും സൃഷ്ടിക്കും. ഏകോപനം കൃത്യമാണെങ്കിൽ പ്രശ്നങ്ങൾക്ക് വളരെ വേഗം പരിഹാരം കണ്ടെത്താമെന്നും കോടതി പറഞ്ഞു. ഇത്തരത്തിൽ ഒരു ഏകോപന സമിതി രൂപീകരിച്ച് ആറളത്തെ പ്രശ്നം പരിഹരിച്ചു കഴിഞ്ഞാൽ സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിലും സമാനരീതിയിലുള്ള സംവിധാനം ആലോചിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Source link