പ്രാർഥനകൾക്കു നന്ദി പറഞ്ഞ് മാർപാപ്പ

വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ 21 ദിവസമായി ചികിത്സയിൽ തുടരുന്ന ഫ്രാന്‍സിസ് മാർപാപ്പയുടെ ശബ്ദം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വീണ്ടും മുഴങ്ങി. വ്യാഴാഴ്ച രാത്രി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ജപമാലപ്രാർഥനാ ശുശ്രൂഷയോടനുബന്ധിച്ചാണ് ഫ്രാൻസിസ് മാർപാപ്പയുടെ മുൻകൂട്ടി തയാറാക്കിയ സന്ദേശം കേള്‍പ്പിച്ചത്. തന്റെ ആരോഗ്യത്തിനായുള്ള പ്രാർഥനകൾക്ക് ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നന്ദി പറയുകയാണെന്നും താന്‍ ഇവിടെനിന്ന് (ആശുപത്രിയില്‍നിന്ന്) അനുഗമിക്കട്ടേയെന്നും മാർപാപ്പ പറഞ്ഞു. “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദൈവമാതാവ് നിങ്ങളെ സംരക്ഷിക്കട്ടെ; നന്ദി” -മാർപാപ്പ കൂട്ടിച്ചേര്‍ത്തു. ഇടറിയ ശബ്ദത്തിലായിരുന്നു സ്പാനിഷ് ഭാഷയിലുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം. 21 ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ശബ്ദം ആഗോളസമൂഹം പരസ്യമായി കേൾക്കുന്നത് ഇതാദ്യമായാണ്. മാർപാപ്പയുടെ സന്ദേശം അപ്രതീക്ഷിതമായി കേട്ടതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയവർ ഇത് കരഘോഷത്തോടെ സ്വീകരിച്ചു.
അതേസമയം, ഫ്രാന്‍സിസ് മാർപാപ്പയുടെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. ശ്വസന, മോട്ടോർ ഫിസിയോതെറാപ്പി സഹായങ്ങൾ നല്‍കുന്നുണ്ട്. രക്തപരിശോധനയില്‍ ഫലം തൃപ്തികരമാണ്. നിലവില്‍ അദ്ദേഹത്തിന് പനിയില്ല. ഇന്നലെ രാവിലെയും ഉച്ചയ്ക്കും വിശ്രമത്തിനും പ്രാർഥനയ്ക്കുമിടയിൽ മാർപാപ്പ ചില ജോലികളില്‍ ഏർപ്പെട്ടുവെന്നും ഉച്ചഭക്ഷണത്തിനുമുമ്പ് അദ്ദേഹം വിശുദ്ധ കുര്‍ബാന സ്വീകരിച്ചുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
Source link