ഇടപെട്ട് സുപ്രീംകോടതി, വാർഡുവിഭജനം ഏതു കണക്ക് പ്രകാരം? സംസ്ഥാന സർക്കാരിനും തിര.കമ്മിഷനും നോട്ടീസ്

ന്യൂഡൽഹി: കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കാനിരിക്കെ, വാർഡ് പുനർവിഭജനം ഏതു കണക്കിന്റെ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു.
2011 സെൻസസിലെ ഡേറ്റയാണോ, മറ്റേതെങ്കിലും കണക്കാണോ അടിസ്ഥാനമാക്കുന്നതെന്ന് വിശദീകരിക്കണം. ജനസംഖ്യ വർദ്ധനയാണ് കാരണമെന്ന് സർക്കാർ അറിയിച്ചപ്പോൾ, അതു മനസ്സിലാക്കിയത് ഏതു കണക്കിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. കൃത്യമായ കണക്കില്ലാതെയാണ് പുനർവിഭജനം നടത്തുന്നതെങ്കിൽ, ഏകപക്ഷീയമല്ലേയെന്ന് ആരാഞ്ഞു.
വാർഡ് പുനർവിഭജനം ശരിവച്ച കേരള ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ഭരിക്കുന്ന നഗരസഭകളിലെ കൗൺസിലർമാരും പഞ്ചായത്ത് വാർഡ് മെമ്പർമാരും സമർപ്പിച്ച ഹർജികളാണ് പരിഗണിച്ചത്.
സംസ്ഥാന സർക്കാർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ഡീലിമിറ്റേഷൻ കമ്മിഷൻ, രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അഹ്സാനുദ്ദിൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച്
ഉത്തരവിട്ടു. രണ്ടാഴ്ചയ്‌ക്കകം മറുപടി സമർപ്പിക്കണം. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. വിശദമായി വാദംകേൾക്കും. മാർച്ച് 25ന് വീണ്ടും പരിഗണിക്കും.
2011 സെൻസസ് ഡേറ്റ
ഉപയോഗിക്കരുതെന്ന്
#2011ലെ സെൻസസ് ഡേറ്റ പ്രകാരം ഒരിക്കൽ വാർഡ് വിഭജനം നടത്തിക്കഴിഞ്ഞതിനാൽ,അതേ കണക്ക് ഉപയോഗിച്ച് വീണ്ടും വാർഡ് വിഭജനം കഴിയില്ലെന്നാണ് ഹർജിക്കാരുടെ വാദം. പുതിയ സെൻസസിന്റെ അടിസ്ഥാനത്തിൽ മാത്രമേ പുനർവിഭജനം സാധിക്കൂ.
# 2011 സെൻസസിന്റെ അടിസ്ഥാനത്തിൽ ഒന്നിലേറെ തവണ വാർഡ് വിഭജനമാകാമെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. വാർഡുകളുടെ എണ്ണം കൂട്ടാൻ നിയമസഭയ്ക്ക് അധികാരം ഉണ്ടെന്നും അതിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Source link