KERALAMLATEST NEWS

വെല്ലുവിളി തൊഴിലിടത്ത്, പിടികൂടിയത് അഞ്ഞൂറിലധികം പാമ്പുകളെ; ധൈര്യമുണ്ടെങ്കിൽ ഏത് കൊലകൊമ്പനേയും മെരുക്കാമെന്ന് റോഷ്നി

വീട്ടിലോ പരിസരത്തോ ഒരു പാമ്പിനെ കണ്ടാൽ തിരുവനന്തപുരത്തുകാരുടെ വിളി ആദ്യമെത്തുന്നത് വനം വകപ്പ് ഉദ്യോഗസ്ഥ റോഷ്നിയുടെ ഫോണിലേക്കായിരിക്കും. പിന്നെ നിമിഷങ്ങൾക്കുളളിൽ റോഷ്നിയും സംഘവും ദൗത്യസ്ഥലത്ത് പറന്നെത്തും. അധികം വൈകാതെ തന്നെ എത്ര വലിയ വിഷമുളള ഭീമൻ പാമ്പിനെയും കഷ്ടപ്പെടുത്താതെ ബാഗിൽ കയറ്റും. ഇതൊക്കെ മലയാളികൾ കണ്ടത് റോഷ്നിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരിക്കും. അഞ്ഞൂറിലധികം പാമ്പുകളെയും 103 പെരുമ്പാമ്പുകളെയും രക്ഷപ്പെടുത്തി കാട്ടിലേക്കയച്ച റോഷ്‌നി ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ്. ഇപ്പോൾ വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നെടുംതൂണാണ്.

സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കണമെന്നാണ് റോഷ്‌നി കേരളമൗമുദി ഓൺലൈനിനോട് പറഞ്ഞത്. നെടുമങ്ങാട്ടുക്കാരിയായ പെൺകുട്ടി ഇന്ന് മലയാളികൾ അറിയപ്പെടുന്ന ഉദ്യോഗസ്ഥയായി മാറിയതിന് പിന്നിലുംധൈര്യം തന്നെയാണ്. ഭർത്താവും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് കുടുംബം. സർക്കാർ ഉദ്യോഗസ്ഥയായിട്ടും ഇഷ്ടമുളള മേഖലയിൽ എത്താൻ റോഷ്നിക്ക് കുറച്ചുനാൾ കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ താൻ ചെയ്യുന്ന ജോലി സാഹസികം നിറഞ്ഞതാണെങ്കിലും ആത്മാർത്ഥതയോടും സത്യസന്ധതയോടുമാണ് ചെയ്യുന്നതെന്ന് അവർ പറയുന്നു.

കേരളത്തിൽ പാമ്പ് പിടുത്തക്കാർ അനവധി ഉണ്ടെങ്കിലും ഒരു വനിത ഈ മേഖലയിൽ ആദ്യമായിരിക്കും. തന്റെ പ്രശസ്തിക്ക് പിന്നിലും ഈ ഒരൊറ്റ കാരണമാണെന്നും റോഷ്നി പറയുന്നു. ശാസ്ത്രീയമായ രീതിയിലാണ് റോഷ്‌നി പാമ്പിനെ പിടിക്കുന്നത്. അതിന് ആവശ്യമായ ഉപകരണങ്ങൾ വനം വകുപ്പ് തന്നെ അനുവദിച്ചിട്ടുണ്ട്. പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹം ഓസ്കാറിന് തുല്യമെന്നാണ് റോഷ്നി കരുതുന്നത്. താൽപര്യവും ഇഷ്ടവും ഉണ്ടെങ്കിൽ ചെയ്യുന്ന ജോലി ഒരിക്കലും ബുദ്ധിമുട്ടായി തോന്നില്ലെന്നും അവർ പറയുന്നു.

സാഹസികത അപകടം മുന്നിൽ കണ്ട്

അപകടം മുന്നിൽ കണ്ടുതന്നെയാണ് റോഷ്നി ഈ സാഹസികത ചെയ്യുന്നത്. ഒരു മൈക്രോ സെക്കന്റെങ്കിലും പതറി പോയാൽ ജീവിതം തന്നെ അപകടത്തിലാകുന്ന ജോലിയാണ് പാമ്പ് പിടുത്തമെന്ന് അവർ പറയുന്നു. ഇൻസ്റ്റഗ്രാമിൽ നിറയെ ആരാധകരുളള ഉദ്യോഗസ്ഥയാണ്. പാമ്പിനെ പിടിക്കുന്ന ഓരോ വീഡിയോക്കും ആറ് മില്യണിലധികം കാഴ്ച്ചക്കാരുണ്ട്. മലയാളികളെ കൂടാതെ അന്യസംസ്ഥാനത്തിലുളളവരും വിദേശികളും വീഡിയോകൾ കാണുന്നുണ്ട്. മലയാളികൾ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ കണ്ടിരുന്നത് വാവ സുരേഷിന്റെ സാഹസിക വീഡിയോകളിൽ നിന്നാണ്. ഇപ്പോൾ അതിനോടൊപ്പം റോഷ്നിയും എത്തിയിരിക്കുന്നു. വാവ സുരേഷിന്റെ അടുത്ത സുഹൃത്താണ് താനെന്ന് റോഷ്നി പറയുന്നു.

ഏത് മേഖലയിൽ ജോലി ചെയ്താലും വെല്ലുവിളികൾ അനുഭവിക്കാത്തവർ ചുരുക്കമായിരിക്കുമല്ലോ. സാഹസികത നിറഞ്ഞ തന്റെ ജോലി കണ്ട് അഭിനന്ദിക്കേണ്ട സഹപ്രവർത്തകർ തന്നെയാണ് റോഷ്നിക്ക് വെല്ലുവിളിയായിരിക്കുന്നത്. ഈ മേഖലയിൽ എത്തുന്ന സ്ത്രീയായതുകൊണ്ട് നിറയെ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഞാൻ ചെയ്യുന്ന ജോലി ഉപേക്ഷിക്കണമെന്ന് പലരും ആഗ്രഹിച്ചിട്ടുണ്ടെന്ന് അവർ തുറന്നുപറയുന്നു.

വെല്ലുവിളിയുണ്ടായ റോഷ്നി പങ്കുവയ്ക്കുകയുണ്ടായി. സാരിയുടുത്ത് പാമ്പിനെ പിടിക്കാൻ പോയതിന് പഴി കേട്ടു, ജീൻസ് ധരിച്ചതിനും വിമർശനങ്ങൾ നേരിട്ടു. പാമ്പിനെ പിടിക്കുമ്പോൾ സ്വന്തം സുരക്ഷ ഒരുക്കേണ്ടത് അവർ തന്നെയാണ്. അതിന് വിമർശിക്കുന്നതിൽ പ്രസക്തിയില്ലെന്നാണ് റോഷ്നിയുടെ അഭിപ്രായം.

കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്ന പ്രകൃതക്കാരിയാണ് റോഷ്നി. മുന്നോട്ട് വരാനായി ചെയ്യുന്ന പല കാര്യങ്ങൾക്കും കുറ്റപ്പെടുത്തലുകൾ മാത്രമേ പലരും ലഭിക്കാറുളളൂ. തന്റെ ഉയർച്ച ആഗ്രഹിക്കാത്ത ഒരുപാട് ആളുകളും ചുറ്റിലുമുണ്ടെന്ന് റോഷ്‌നി പറയുന്നു.ചെറുപ്പം മുതൽക്കേ താൻ മഹാദേവന്റെ ഭക്തയാണ്. ഏത് പാമ്പിനെ പിടിക്കാൻ പോയാലും മനസിൽ ഭഗവാനെ പ്രാർത്ഥിച്ചതിനുശേഷമേ ഇറങ്ങി തിരിക്കാറുളളൂവെന്ന് അവർ പറയുന്നു.


Source link

Related Articles

Back to top button