രാഷ്ട്രീയ സ്മൃതി സ്ഥലിൽ മൻമോഹൻ സ്മാരകം ഉയർന്നേക്കും

ന്യൂഡൽഹി ∙ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് രാജ്ഘട്ടിനടുത്ത് മുൻ ഭരണത്തലവന്മാരുടെ ഓർമയ്ക്കായി ഒരുക്കിയ രാഷ്ട്രീയ സ്മൃതി സ്ഥലിൽ സ്മാരകം നിർമിക്കാൻ വഴിയൊരുങ്ങുന്നു. കേന്ദ്ര സർക്കാർ നിർദേശിച്ച സ്ഥലം സന്ദർശിച്ച മൻമോഹന്റെ കുടുംബം സമ്മതമറിയിച്ചു നഗരവികസന മന്ത്രാലയത്തിനു കത്തു നൽകി.900 ചതുരശ്ര മീറ്റർ സ്ഥലത്താണു സ്മാരകം ഉയരുക. സ്ഥലം അനുവദിക്കുന്നതിനും സ്മാരകം നിർമിക്കുന്നതിനും ട്രസ്റ്റ് അനിവാര്യമാണ്. ട്രസ്റ്റിലെ അംഗങ്ങളുടെ പേരിൽ തീരുമാനമാക്കേണ്ടതും കുടുംബമാണ്. കഴിഞ്ഞ ഡിസംബർ 26ന് ആയിരുന്നു മൻമോഹന്റെ വിയോഗം. മൻമോഹന്റെ സ്മാരകം നിർമിക്കാൻ ഉദ്ദേശിക്കുന്ന അതേ സ്ഥലംതന്നെ അന്ത്യകർമത്തിനും തിരഞ്ഞെടുക്കണമെന്ന കോൺഗ്രസിന്റെ വാദം വൻ വിവാദത്തിനു വഴിവച്ചിരുന്നു. നിഗംബോധ്ഘാട്ടിലായിരുന്നു അന്ത്യകർമങ്ങൾ.ഇതിനിടെ, ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മൻമോഹൻ സിങ്ങിന്റെ പേരു നൽകുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു.
Source link