മൻമോഹൻ സിംഗിനു സ്മാരകം രാഷ്ട്രീയ സ്മൃതിസ്ഥലിൽ

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മാരകം ന്യൂഡൽഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലിൽ നിർമിക്കാൻ ധാരണയായി. കേന്ദ്രം നിർദേശിച്ച സ്ഥലം അംഗീകരിക്കുന്നുവെന്നറിയിച്ച് മൻമോഹൻ സിംഗിന്റെ കുടുംബം കേന്ദ്ര ഭവന-നഗര വികസന മന്ത്രാലയത്തിന് കത്തെഴുതി. മൻമോഹൻ സിംഗിന്റെ കുടുംബം കഴിഞ്ഞദിവസം രാഷ്ട്രീയ സ്മൃതിസ്ഥൽ സന്ദർശിച്ചതിനു പിന്നാലെയാണ് അനുകൂല തീരുമാനം കേന്ദ്രത്തെ അറിയിച്ചത്. മുൻ പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും സ്മാരകങ്ങളുള്ള രാഷ്ട്രീയ സ്മൃതിസ്ഥലിൽ 900 ചതുരശ്ര മീറ്ററിലാണ് മൻമോഹൻ സിംഗിന്റെ സ്മാരകം നിർമിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്മാരകം ഇതിനോടു ചേർന്നാണ്.
മൻമോഹൻ സിംഗിന്റെ സ്മരണയ്ക്കായി സ്ഥാപിക്കുന്ന ട്രസ്റ്റിന്റെ പേരിൽ ഭൂമി കൈമാറ്റം ചെയ്യുന്നതാണ് അടുത്ത നടപടി. ഇതിനുശേഷം ട്രസ്റ്റിലേക്കുള്ള അംഗങ്ങളുടെ പേരുകൾ മൻമോഹൻ സിംഗിന്റെ കുടുംബം നിർദേശിക്കും. ട്രസ്റ്റിന്റെ രൂപീകരണത്തിനുശേഷം സ്മാരക നിർമാണത്തിനായി 25 ലക്ഷം രൂപയുടെ ഗ്രാന്റ് കൈമാറുമെന്ന് അധികൃതർ സൂചിപ്പിച്ചു.
Source link