INDIALATEST NEWS

മണിപ്പുരിൽ 600 വീടുമായി കത്തോലിക്കാസഭ; പകുതിയെണ്ണം പണി പൂർത്തിയാക്കി കൈമാറി


കൊൽക്കത്ത∙ കലാപബാധിതമായ മണിപ്പുരിലെ ഗോത്രമേഖലകളിൽ 600 വീടുകൾ നിർമിക്കാൻ കത്തോലിക്കാസഭ. ഇംഫാൽ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയുടെ ചുമതല അതിരൂപത വികാരി ജനറലും മലയാളിയുമായ റവ. ഡോ. വർഗീസ് വേലിക്കകത്തിന് ആണ്. ചുരാചന്ദ്പുർ, കാങ്പോക്പി, തെഗ്നോപാൽ ജില്ലകളിലെ ഗോത്ര മേഖലകളിലാണു വിവിധ ക്ലസ്റ്ററുകളായി വീടുകൾ നിർമിക്കുന്നത്. കലാപത്തിന്റെ ഇരകൾക്കു സർക്കാരിന്റെ നേതൃത്വത്തിൽ ഏതാനും പ്രീഫാബ്രിക്കേറ്റഡ് വീടുകൾ നിർമിച്ചതിൽ ഏറെയും ഇംഫാൽ താഴ്‌വരയിൽ മെയ്തെയ് വിഭാഗക്കാർക്കായിരുന്നു. കടുത്ത ചൂടും അസൗകര്യവും മൂലം പലരും പ്രീഫാബ് വീടുകളോടു താൽപര്യം കാണിച്ചില്ല. സമാന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി പൂർണമായും വാസയോഗ്യമായ മികച്ച വീടുകളാണ് സഭ നിർമിക്കുന്നത്.വീടുകൾ നിർമിക്കാനുള്ള സ്ഥലം ലഭിച്ചത് ഗോത്രമേഖലകളിലാണെന്നു റവ. ഡോ. വർഗീസ് വേലിക്കകം പറഞ്ഞു. അടുക്കള കൂടിയുള്ള ഹാൾ, കിടപ്പുമുറി, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ് വീടുകൾ. 30 കോടി ബജറ്റിലാണ് 600 വീടുകൾ നിർമിക്കുന്നത്. പകുതിയോളം വീടുകളുടെ നിർമാണം പൂർത്തിയാക്കി കൈമാറി.മണിപ്പുർ കലാപത്തിൽ സർക്കാർ പക്ഷം ചേർന്നെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണു സഭയും സന്നദ്ധസംഘടനകളും ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഗോത്രവിഭാഗക്കാർ ഒന്നിച്ചു ജീവിക്കുന്നവരായതിനാൽ ഗ്രാമങ്ങൾക്കുള്ളിൽ ചെറിയ ഗ്രാമങ്ങളാണ് കത്തോലിക്കാസഭ പുതുതായി സൃഷ്ടിച്ചത്. ഇംഫാൽ അതിരൂപത ആർച്ച് ബിഷപ് ഡോ.ലീനസ് നെലിയുടെ നേതൃത്വത്തിൽ സഭയുടെ സാമൂഹിക സേവനവിഭാഗം വിവിധ പദ്ധതികൾ നടപ്പാക്കിയിരുന്നു. മണിപ്പുർ കലാപത്തിന്റെ ഇരകളിൽ വലിയൊരു പങ്കും ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമാണു താമസിക്കുന്നത്. ആയിരക്കണക്കിനാളുകൾ സംസ്ഥാനം വിട്ടു.


Source link

Related Articles

Back to top button