കീഴ്ഘടകങ്ങളിലെ വിഭാഗീയത: സംസ്ഥാന നേതൃത്വം ഇടപെടും

കൊല്ലം: പ്രാദേശിക തലത്തിൽ വിഭാഗീയതയുണ്ടെന്ന് സമ്മതിച്ച് സി.പി.എം പ്രവർത്തന റിപ്പോർട്ട്. ഈ സമ്മേളന കാലയളവിൽ ചിലയിടങ്ങളിൽ പ്രാദേശികമായി തുടർച്ചയായി ഉയർന്നു വന്ന പ്രശ്നങ്ങൾക്ക് കാരണം വിഭാഗീയതയാണ്. സംസ്ഥാന സെന്ററിലുള്ളവർ കീഴ്ഘടകങ്ങളിലെത്തി പരിഹാരം കാണണം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, എന്നിവിടങ്ങളിലെ സംഭവങ്ങൾ പ്രത്യേകം ചൂണ്ടിക്കാണിച്ചാണ് സംഘടനാവിരുദ്ധ നീക്കങ്ങൾ വ്യക്തമാക്കിയത്. പാർട്ടിക്ക് പിന്നിൽ ജനങ്ങളെ അണിനിരത്താൻ ശ്രമിക്കുന്നതിന് പകരം വ്യക്തിക്ക് പിന്നിൽ അണിനിരത്താനാണ് ശ്രമം.വിഭാഗീയത തലപൊക്കിയ സ്ഥലങ്ങളിൽ പ്രശ്ന പരിഹാരത്തിന് പാർട്ടി നേതൃത്വം നടത്തിയ ഇടപെടലുകൾക്കൊപ്പം സഖാക്കൾ ഉറച്ചു നിന്നു.
അനധികൃത വായ്പ
തിരിച്ചടക്കണം
സഹകരണ നിയമങ്ങൾ കാറ്റിൽപ്പറത്തി ലോണുകൾ വാങ്ങി,തെറ്റായ രീതിയിൽ പണം കൈവശപ്പെടുത്തിയവർ തിരിച്ചടയ്ക്കണം. ഏരിയാ,കമ്മിറ്റി വരെയുള്ള നേതാക്കൾ സഹകരണ ബാങ്കുകളിൽ നിന്നെടുത്ത ലോണുകളുടെ വിശദാംശങ്ങൾ ജില്ലാ കമ്മിറ്റികൾ സംസ്ഥാന സെന്ററിൽ അറിയിക്കണം.
വിശ്വാസികൾക്കൊപ്പം
ഉണ്ടാകണം
മതാടിസ്ഥാനത്തിൽ വോട്ടുകൾ ഏകീകരിക്കുന്നത് തടയാൻ സി.പി.എം അംഗങ്ങൾ ആരാധനാലയങ്ങളുടെ കാര്യത്തിലും ഉത്സവങ്ങൾ പോലുള്ള കൂട്ടായ്മകളിലും സജീവമാകണം. ബി.ജെ.പി മാത്രമല്ല, എസ്.ഡി.പി.ഐയും, ജമാ അത്തെ ഇസ്ലാമിയും കാസയും വിശ്വാസത്തെ ചൂഷണം ചെയ്താണ് വോട്ടുകൾ ഏകീകരിക്കുന്നത്.
എസ്.എഫ്.ഐക്ക്
തല്ലും തലോടലും
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആർ.എസ്.എസിലൂടെ ബി.ജെ.പി നടന്നുന്ന നീക്കം പ്രതിരോധിക്കുന്നതിൽ എസ്.എഫ്.ഐ ശക്തമായ പങ്ക് വഹിക്കുന്നു. അതിന്റെ പേരിൽ എസ്.എഫ്.ഐയെ ഇകഴ്ത്താൻ ആസൂത്രിതമായ ഗൂഢാലോചനകൾ നടക്കുന്നുണ്ട്. കാമ്പസുകളിൽ പഠനം കഴിഞ്ഞിട്ടും എസ്.എഫ്.ഐയുടെ ലേബലിൽ ഹോസ്റ്റലുകളിലും എസ്.എഫ്.ഐ ഓഫീസുകളിലും കഴിയുന്നത് അനുവദിക്കാനാവില്ല. സിദ്ധാർത്ഥിന്റെ മരണം പോലും ഇടത് പ്രസ്ഥാനത്തിന് ദോഷമായി. സാമൂഹ്യവിരുദ്ധ വാസനയുള്ളവരെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കരുത്.
Source link