ട്രാക്കിനു സമീപം ബോംബ്; പാരീസിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു

പാരീസ്: രണ്ടാം ലോകമഹായുദ്ധ കാലത്തെ പൊട്ടാത്ത ബോംബ് റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയതിനെത്തുടർന്ന് പാരീസിലെ ഗാർ ഡു നോർഡ് സ്റ്റേഷനിൽനിന്നുള്ള എല്ലാ സർവീസുകളും നിർത്തിവച്ചതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി പാരീസിന്റെ വടക്കൻ പ്രാന്തത്തിലെ സെന്റ് ഡെനിസിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് സ്റ്റേഷനിലേക്കുള്ള ട്രാക്കിനു സമീപം ബോംബ് കണ്ടെത്തിയത്. ഒന്ന്, രണ്ട് ലോകമഹായുദ്ധകാലത്തെ ബോംബുകൾ ഫ്രാൻസിൽ കണ്ടെത്താറുള്ളത് പതിവാണെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ കണ്ടെത്തുന്നത് ആദ്യമാണ്. ബോംബ് സുരക്ഷിതമായി നീക്കം ചെയ്യേണ്ടതിനാൽ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ ട്രെയിൻ സ്റ്റേഷനുകളിലൊന്നായ ഗാർ ഡു നോർഡിൽനിന്നുള്ള എല്ലാ സർവീസുകളും നിർത്തിവയ്ക്കുകയായിരുന്നു.
ദിനംപ്രതി ഏഴു ലക്ഷത്തോളം യാത്രക്കാർ കടന്നു പോകുന്ന സ്റ്റേഷൻ നിലച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. പാരീസിനെ ബ്രിട്ടനുമായും യൂറോപ്പിലെ മറ്റു ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന യുറോസ്റ്റാർ അതിവേഗ ട്രെയിൻ സർവീസും നിർത്തിവയ്ക്കേണ്ടിവന്നു. ലണ്ടൻ, ബ്രസൽസ് റെയിൽവേ സ്റ്റേഷനുകളിൽ പാരിസിലേക്കുള്ള യാത്ര തടസപ്പെട്ടവരുടെ വൻ തിരക്ക് ദൃശ്യമായിരുന്നു. ടിക്കറ്റ് റദ്ദാക്കപ്പെട്ടവർക്ക് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടാൽ സൗകര്യപ്പെട്ട ദിവസം യാത്ര തെരഞ്ഞെടുക്കാവുന്നതാണെന്ന് യൂറോസ്റ്റാർ കന്പനി അറിയിച്ചു.
Source link