ഇരുള വനിതകൾക്ക് കസ്തൂരി മഞ്ഞൾ കാന്തി

#മൃഗങ്ങൾ നശിപ്പിക്കില്ല, ലാഭകരം.
തൃശൂർ: ‘പണിയെടുക്കാൻ തയ്യാറാണ് സാറേ… മഞ്ഞള് ഉണക്കി പൊടിയാക്കിയാ നല്ല കാശ് കിട്ടും…’ അട്ടപ്പാടിയിലെ മലഞ്ചെരിവിൽ കസ്തൂരി മഞ്ഞൾ കൃഷി ചെയ്യുന്ന കവിതയുടെ വാക്കുകളിൽ ആത്മ വിശ്വാസം. ഏലവും കാപ്പിയും ഇഞ്ചിയും മഞ്ഞളുമെല്ലാം കൃഷി ചെയ്തിരുന്ന അട്ടപ്പാടി ആദിവാസി ഉന്നതിയിലെ ഇരുള വിഭാഗക്കാരായ വനിതകൾക്ക് കസ്തൂരി മഞ്ഞൾ കൃഷി ഏറെ ആശ്വാസമാവുകയാണ്. കസ്തൂരിമഞ്ഞൾ പൊടി ഒരു കിലോയ്ക്ക് വിപണിയിൽ 3000 രൂപ വരെ വിലയുണ്ട്. പറിച്ചെടുത്ത മഞ്ഞളിന് കിട്ടുന്നത് 140 രൂപയോളം. ഡ്രൈയറിൽ ഉണക്കി മഞ്ഞൾ പൊടിച്ചുകൊടുത്താൽ കിലോയ്ക്ക് രണ്ടായിരം രൂപയോളം കിട്ടും.
ഏലവും കാപ്പിയും ഇഞ്ചിയും കൃഷി ചെയ്യുന്നതിനേക്കാൾ ലാഭകരം. കാട്ടുപന്നിയും കാട്ടാനയും മയിലുമൊന്നും നശിപ്പിക്കില്ല. പരിപാലനച്ചെലവും കുറവ്. കറികളിൽ ഉപയോഗിക്കുന്നതും വിലയേറിയതുമായ പ്രതിഭ ഇനത്തിലുളള സാധാരണ മഞ്ഞളിന്റെ പൊടിക്ക് പോലും ഒരു കിലോയ്ക്ക് 700 രൂപയാണ്.
മഞ്ഞളിന്റെ
ഗന്ധം തുണ
കസ്തൂരി മഞ്ഞളിന്റേയും സാധാരണ മഞ്ഞളിന്റേയുമെല്ലാം ഗന്ധം പന്നികൾക്കും മറ്റ് മൃഗങ്ങൾക്കും അസഹനീയമായതിനാൽ നശിപ്പിക്കില്ല. വെള്ളവും അധികം വേണ്ട. മേയിൽ വിത്തിറക്കിയാൽ 10 മാസത്തിനുളളിൽ വിളവെടുക്കാം. കള പറിക്കണം.. ആറ് കിലോ ഉണക്കിയാൽ ഒരു കിലോ പാെടി കിട്ടും. ഷാേളയൂർ പഞ്ചായത്തിലെ കാവൻമേട് വയലൂർ മേഖലയിലാണ് ഇരുള വിഭാഗം വനിതകൾ കൃഷിയിറക്കിയത്.
ഡ്രൈയർ നൽകാൻ
ഗീത
പതിമൂന്നാം വയസിൽ കാഴ്ച നഷ്ടപ്പെട്ടിട്ടും മികച്ച സംരംഭകയായി വളർന്ന ഗീത സലീഷിന്റെ മഞ്ഞൾ ഉത്പന്ന നിർമ്മാണ യൂണിറ്റിലേക്കാണ് അട്ടപ്പാടിയിലെ മഞ്ഞൾ വാങ്ങുന്നത്. ആദിവാസി വനിതകൾക്ക് കൂടുതൽ ലാഭം കിട്ടാൻ ഡ്രൈയർ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഗീത. കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പൈസസ് റിസർച്ച് സെന്ററിൽ ഉത്പാദിപ്പിക്കുന്ന കുർക്ക്മിൻ സാന്നിദ്ധ്യം കൂടുതലുള്ള പ്രതിഭ എന്ന മഞ്ഞളാണ് ഗീത കൃഷി ചെയ്തു തുടങ്ങിയത്. ഈ മഞ്ഞൾ കൊണ്ടുളള കുർക്ക്മീൽ ശ്രദ്ധേയമായിരുന്നു.
#കൃഷിവിസ്തൃതി: നാലേക്കർ
#ശരാശരി ലഭിക്കുന്ന മഞ്ഞൾ: ആറായിരം കിലോ
#വനിതകൾ: നാല് ഗ്രൂപ്പുകളിലായി ഇരുപതോളം
#വിത്ത് ലഭിക്കുന്നത്: കുടുംബശ്രീ വഴി
കസ്തൂരി മഞ്ഞളും മഞ്ഞക്കൂവയും വെവ്വേറെയാണ്. കിഴങ്ങ് മുറിച്ചാൽ ചന്ദന നിറമാകും. സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിന് വ്യാപകവിപണിയുണ്ട്. വിപണി വില താഴാറുമില്ല.
-ഡോ. വി.ശ്രീനിവാസൻ,
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്
സ്‌പൈസസ് റിസർച്ച് സെന്റർ
Source link