പാർട്ടി ജനറൽ സെക്രട്ടറിക്ക് വനിതയും പുരുഷനുമില്ല രാജ്യത്ത് സ്ത്രീ മുന്നേറ്റമുണ്ടാകണം: വൃന്ദകാരാട്ട്

പാർട്ടി ജനറൽ സെക്രട്ടറിക്ക് വനിതയും പുരുഷനുമില്ല. പാർട്ടി കോൺഗ്രസ് തീരുമാനിക്കുന്നവരാണ് സെക്രട്ടറിയായി വരുന്നത്. അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. പി.ബി അംഗം വൃന്ദാകാരാട്ട് കേരളകൗമുദി യുമായി സംസാരിക്കുകയായിരുന്നു.പ്രായപരിധി മാനദണ്ഡം നോക്കിയാൽ 75 കഴിഞ്ഞ വൃന്ദ ഇക്കുറി പി.ബി.യിൽ നിന്നൊഴിയേണ്ടിവരും. എന്നാൽ ഇളവ് നൽകി വൃന്ദയെ സി.പി.എമ്മിന്റെ ആദ്യ വനിതാ ജനറൽ സെക്രട്ടറിയായി കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.എന്നാൽ അതേക്കുറിച്ചൊന്നും കമന്റ് ചെയ്യാൻ പോലും അവർ മുതിരാറില്ല.
വൃന്ദകാരാട്ടിന്റെ പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്
ചർച്ചയിലുണ്ടോ?
ഒരു ചർച്ചയും നടന്നിട്ടില്ല.
പ്രായപരിധിയിൽ ഇളവ് പിണറായിക്ക് മാത്രമാണോ?
കേരളത്തിലെ സർക്കാരിനെ നയിക്കുന്നത് പിണറായിയാണ്. സവിശേഷ സാഹചര്യത്തിൽ ഇളവുകൾ നൽകാറുണ്ട്. അതും തീരുമാനിക്കുന്നത് പാർട്ടി കോൺഗ്രസാണ്.
വനിതാ ദിനമാണ്, രാജ്യത്ത് വനിതകളുടെ
മുന്നേറ്റം എങ്ങിനെ?
രാജ്യത്താകമാനം വനിതകൾക്കെതിരായ അതിക്രമങ്ങൾ പെരുകുന്നു. കേരളമാണ് വനിതകളുടെ മുന്നേറ്റത്തിൽ മുന്നിലുള്ളത്. അത് ഇനിയും വർദ്ധിക്കണം. ഇവിടെ പാർട്ടിയിലും ഭരണസാരഥ്യത്തിലുമെല്ലാം സ്ത്രികളുണ്ട്. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലുമെല്ലാം സംവരണമില്ലാതെ വനിതകൾ വരുന്നു. പാർട്ടി ബ്രാഞ്ചുകൾ മുതൽ പോളിറ്റ് ബ്യൂറോവരെ വനിതകളുണ്ട്. എന്നാൽ മറ്റ് പാർട്ടികളിൽ അതല്ല അവസ്ഥ. അത് മാറേണ്ടതുണ്ട്.
കേരളത്തെ വിലയിരുത്തുമ്പോൾ?
ഇന്ന് രാജ്യത്ത് വികസനത്തിലും സാമൂഹിക-സാംസ്‌കാരിക രംഗത്തും മുന്നിൽ കേരളമാണ്. അത് ഇടത് സർക്കാരുണ്ടാക്കിയതാണ്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും കേരളം മുന്നോട്ട് പോകുന്നു. മൂന്നാം ഇടത് സർക്കാരെന്നത് സാങ്കല്പികമല്ല. യാഥാർത്ഥ്യമാണ്. കേരളം ഇത്തവണയും ഇടത് സർക്കാരിനുവേണ്ടി വിധിയെഴുതും.
ആശാ വർക്കർമാരുടെ സമരം വനിതാ ദിനത്തിലും തുടരുന്നു?
ആശാ വർക്കർമാർക്ക് നീതി ലഭിക്കണം. അവരെ സ്ഥിരം തൊഴിലാളികളാക്കി മാറ്റണമെന്നതാണ് പാർട്ടി നിലപാട്. അവർക്ക് ന്യായമായ വേതനം ലഭിക്കണം. അതേസമയം കേന്ദ്രാവിഷ്‌കരണ പദ്ധതിയാണ് ആശയെന്ന് മറന്നുപോകരുത്. കേന്ദ്രം സ്വീകരിക്കുന്ന നിഷേധാത്മക നിലപാടാണ് പ്രശ്‌നങ്ങൾക്ക് കാരണം. യാഥാർത്ഥ്യമറിയാതെയാണ് ഇവിടുത്തെ പ്രതിപക്ഷം സർക്കാരിനെ ആക്രമിക്കുന്നത്. എത്രയും പെട്ടന്ന് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണം.
Source link