പ്രകാശ് കാരാട്ട് കേരളകൗമുദിയോട് ‘ഇന്ത്യയിൽ ഫാസിസം നിലവിലില്ല’

സി.പി.എം പൊളിറ്റ് ബ്യൂറോ കോ- ഓർഡിനേറ്ററും സംസ്ഥാന സമ്മേളനത്തിന്റെ മുഴുവൻ സമയ നിരീക്ഷകനുമായ പ്രകാശ് കാരാട്ട് കൊല്ലം ബീച്ചിൽ പ്രഭാത നടത്തത്തിനിടെ കേരളകൗമുദിയുമായി സംസാരിച്ചു. പ്രസക്ത ഭാഗങ്ങളിൽ നിന്ന്:
? കേരളത്തിൽ പിണറായി വീണ്ടും നയിക്കുമോ
സി.പി.എമ്മിൽ അങ്ങനെ ഒരു രീതിയില്ല. ആരു നയിക്കുമെന്ന് തിരഞ്ഞെടുപ്പിനുശേഷമേ തീരുമാനിക്കൂ. നിങ്ങൾ മാദ്ധ്യമങ്ങളാണ് ക്യാപ്ടനെ നിശ്ചയിക്കുന്നത്. പാർട്ടിയല്ല. രണ്ടു സർക്കാരിനെയും നയിച്ചത് പിണറായിയാണ്. രാജ്യത്തെ ഏറ്റവും മികച്ച മോഡൽ കേരളമാണ്. പിണറായി ശരിയായി മുന്നോട്ടുപോയപ്പോഴാണ് ചരിത്രത്തിൽ ആദ്യമായി ഇവിടെ തുടർഭരണമുണ്ടായത്. അതിന്റെ തുടർച്ചയുണ്ടാവും. പിണറായിക്ക് പ്രായപരിധിയിൽ ഇളവ് നൽകുമോയെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സമ്മേളനമല്ല. പാർട്ടി കോൺഗ്രസാണ്. ഇതുസംബന്ധിച്ച് പാർട്ടി ചർച്ച ചെയ്തിട്ടില്ല.
? യുവാക്കളുടെ പുതിയ നിര വരേണ്ടതല്ലേ
യുവാക്കളാണ് ഇപ്പോൾ പാർട്ടിയിൽ കൂടുതൽ. യുവതികളുൾപ്പെടെ കഴിവുറ്റ നേതൃത്വത്തെ കൊണ്ടുവരികയാണ് പ്രധാനം.
? ബി.ജെ.പി സർക്കാർ ഫാസിസ്റ്റാണോ എന്ന ചർച്ച പ്രധാനമാണല്ലോ
ഫാസിസത്തെക്കുറിച്ച് പാർട്ടിക്ക് കൃത്യമായ നിലപാടുണ്ട്. അതറിയാത്തവരാണ് അനാവശ്യ ചർച്ചകളും വിവാദങ്ങളും ഉണ്ടാക്കുന്നത്. പാർട്ടി സാർവദേശീയ തലത്തിൽ വിലയിരുത്തിയ ഫാസിസം ഹിറ്റ്ലറുടെയും മുസോളിനിയുടേതുമാണ്. ഇന്ത്യയിൽ അത്തരം ഫാസിസം നിലനിൽക്കുന്നതായി അഭിപ്രായമില്ല. എന്നാൽ ആർ.എസ്.എസ് നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാരിന്റെ പോക്ക് ഫാസിസത്തിലേക്കാണ്. അത് തടയുകയാണ് പ്രധാനം.
? കേരളത്തിൽ മാത്രമായി ഒതുങ്ങുകയാണോ കമ്മ്യൂണിസ്റ്റ് സർക്കാർ
പ്രബുദ്ധ കേരളമെന്നാണ് സംസ്ഥാനത്തെക്കുറിച്ചുള്ള പൊതുവിലെ വിശേഷണം. ഇവിടത്തെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യസ്ഥിതിയും വ്യവസായ വികസനവുമെല്ലാം മാതൃകയാണ്. ബംഗാളിലും ത്രിപുരയിലും ഭരണം പോയെന്ന് കരുതി അവിടെയൊന്നും കമ്മ്യൂണിസ്റ്റുകളില്ലെന്നും തിരിച്ചുവരവില്ലെന്നും അർത്ഥമില്ല. എല്ലായിടത്തും മാറ്റം വരും. ലോകം മുഴുവൻ അത്തരമൊരു മാറ്റത്തിലേക്കാണ് സഞ്ചരിക്കുന്നത്. കേരളത്തിൽ മൂന്നാം ഇടത് സർക്കാർ ഉറപ്പാണ്.
Source link