ടോട്ടോ യാത്ര, വനവാസികൾക്കൊപ്പം ഭക്ഷണം; ഗോത്രഭൂമിയിൽ വിസ്മയമായി ‘ഗവർണർ ബോസ്’

ഝാഡ്ഗ്രാം (ബംഗാൾ) ∙ ജീവിതപോരാട്ടത്തിലൂടെ ഒരു മുൻനിര സിനിമയുടെ കഥാപാത്രമായ ഗോത്രനായിക ബിജോലി മുർമുവിന് മറ്റൊരു വിസ്മയ നിമിഷം. ബിജോലിക്കു മാത്രമല്ല, അവരുടെ സമൂഹത്തിനും നാടിനാകെത്തന്നെയും. അതീവ സുരക്ഷാ അകമ്പടിയുള്ള വാഹനവ്യൂഹത്തിൽ നിന്നിറങ്ങി ഗവർണർ ഡോ. സി.വി ആനന്ദബോസ് ബിജോലിയുടെ ‘ടോട്ടോ’യിൽ കയറിയപ്പോൾ അവർ മാത്രമല്ല ഗോത്രസമൂഹമാകെ അമ്പരന്നു. ഗോത്രവർഗജനതയോടുള്ള ആദരവിന്റെയും ഐക്യദാർഢ്യത്തിന്റെയും ഹൃദയസ്പർശിയായ കാഴ്ച. ആദ്യമായാണത്രേ ഒരു സംസ്ഥാന ഭരണത്തലവനെ അവർ സ്വന്തം ഗ്രാമത്തിൽ കാണുന്നത്.ഗ്രാമീണ, ഗോത്രമേഖലകളിൽ നിർണായക സേവനങ്ങളും പിന്തുണയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗവർണർ ആനന്ദബോസ് രൂപം നൽകിയ ‘അമാർഗ്രാം’ (എന്റെ ഗ്രാമം) ദൗത്യവുമായി ഝാഡ്ഗ്രാം സന്ദർശിച്ച ഗവർണറെ വരവേൽക്കാനെത്തിയതായിരുന്നു ഗ്രാമത്തിന്റെ വനിതാമുഖമായ ബിജോലി.കൊൽക്കത്തയിൽനിന്ന് 175 കിലോമീറ്റർ അകലെ ഝാഡ്ഗ്രാം ജില്ലയിൽ ലോധശുലിക്കടുത്തുള്ള ഗോവിന്ദപുരിലെ ഗോത്രവർഗ സമൂഹത്തിൽ നിന്നുള്ള ബിജോലിയുടെ മുഖ്യ ഉപജീവന മാർഗമാണ് ഓട്ടോറിക്ഷാ രൂപത്തിലുള്ള ‘ടോട്ടോ’. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ഒരു തൊഴിലിൽ അനവധി വെല്ലുവിളികൾ അതിജീവിച്ചാണ് ബിജോലി ഡ്രൈവിങ് പഠിച്ചും ടോട്ടോ വാടകയ്‌ക്കെടുത്തും പിന്നെ സ്വന്തമായി വാങ്ങിയും ദാരിദ്ര്യത്തെ മറികടന്നത്. മികച്ച ഒരു കലാകാരി കൂടിയാണവർ.അനേകം സ്ത്രീകൾക്ക്, പ്രത്യേകിച്ച് ഗോത്രവർഗജാതർക്ക് പ്രചോദനവും ആത്മധൈര്യവും പകർന്ന അവിശ്വസനീയമായ ആ ജീവിതകഥ അടുത്തിടെ, അവാർഡ് നേടിയ ഒരു ബംഗാളി സിനിമയുടെ കഥാതന്തുവായി. ആ ചലച്ചിത്രവും ബിജോലി വികസിപ്പിച്ചെടുത്ത പുതിയ നൃത്തരൂപവും കണ്ട ഗവർണർ ആനന്ദബോസ്, രാജ്ഭവന്റെ ‘ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ്’ നൽകി അവരെ അനുമോദിച്ചു.ബിജോലി ഓടിച്ച ടോട്ടോയിൽ സഞ്ചരിച്ച് ഗ്രാമീണരുടെ ജീവിതപ്രശ്നങ്ങൾ കണ്ടറിഞ്ഞും അവർ അവതരിപ്പിച്ച കലാരൂപങ്ങൾ ആസ്വദിച്ചും ഗോത്രസമൂഹത്തിന്റെ മനം കവർന്ന ഗവർണർ അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ഗോത്രഗ്രാമത്തിലെ സ്കൂളിന് സമീപം സജ്ജീകരിച്ച ഗോശാല ഗവർണർ ഉദ്ഘാടനം ചെയ്തു. ഗോത്രവർഗ സമൂഹങ്ങളുടെ ഉന്നമനത്തിനായി രൂപകൽപന ചെയ്ത കേന്ദ്ര സർക്കാർ പദ്ധതികളെയും മറ്റ് സർക്കാർ സംരംഭങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിക്കാൻ വിവിധ സർക്കാർ വകുപ്പുകൾ സ്റ്റാളുകൾ സ്ഥാപിച്ചിരുന്നു.
Source link