വഴിയരികിൽ സ്‌ത്രീയുടെ അജ്ഞാത മൃതദേഹം; കാലിൽ ആണി തറച്ച നിലയിൽ, ഒന്നിലധികം മുറിവുകൾ

പട്‌ന: കാലിൽ ഇരുമ്പ് ആണികൾ തറച്ച നിലയിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. ബിഹാറിലെ നളന്ദ ജില്ലയിൽ ബഹാദൂർപൂർ ഗ്രാമത്തിലാണ് സംഭവം. റോഡരികിൽ കിടന്ന മൃതദേഹം ആദ്യം കണ്ടത് നാട്ടുകാരാണ്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ചാണ്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
സ്‌ത്രീ നൈറ്റ് ഡ്രസ് ധരിച്ച നിലയിലായിരുന്നു. ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ട്. രണ്ട് കാലുകളിലും ആണി തറച്ചിരുന്നു. മൃതദേഹം ബിഹാർ ഷെരീഫ് സദർ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്‌ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കൊലപാതകത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികൾക്കായുള്ള അന്വേഷണവും തുടരുകയാണ്. സ്‌ത്രീയെ തിരിച്ചറിഞ്ഞാൽ അന്വേഷണം എളുപ്പമാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം കണ്ടതിന്റെ ഞെട്ടലിലാണ് ബഹാദൂർപൂർ ഗ്രാമത്തിലെ ജനങ്ങൾ. ഇതിന് മുമ്പ് ഇത്തരമൊരു സംഭവം നേരിൽ കണ്ടിട്ടില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു.
സ്‌ത്രീയെ തിരിച്ചറിയാൻ സഹായിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രദേശത്ത് ആരെയെങ്കിലും കാണാതായെങ്കിൽ ഉടൻ തന്നെ സ്റ്റേഷനിലെത്തി വിവരമറിയിക്കണമെന്നും ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നിർദേശം നൽകി. എന്തെങ്കിലും സൂചന ലഭിച്ചാൽ വേഗം തന്നെ പ്രതികളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്താനാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Source link