LATEST NEWS

ലീഗിനെ കൂടെ നിർത്തുന്നതിൽ ചർച്ചയാകാം, കോൺഗ്രസിൽനിന്നും ഇനിയും ആളുവരും; ജയരാജനും സജിക്കും വിമർശനം


കൊല്ലം ∙ മുസ്‌ലിം ലീഗിനെ കൂടെ നിർത്തുന്നതിൽ ഗൗരവ ചർച്ചയാകാമെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. ഇനിയും കോൺഗ്രസിൽനിന്ന് ആളു വരുമെന്നും സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ജമാ അത്തെ ഇസ്‌ലാമിയുടെയും കാസയുടെയും പ്രവർത്തനം പ്രതിരോധിക്കണം. അൻവറിനെ പോലെയുള്ള സ്വതന്ത്രന്മാരെ പാർട്ടിയിലേക്ക് അടുപ്പിക്കുമ്പോൾ ശ്രദ്ധ വേണം. പാലക്കാട്ട് സരിനെ ഉപയോഗിച്ചുള്ള പരീക്ഷണം വിജയമെന്നും  റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. ഇ.പി.ജയരാജനും മന്ത്രി സജി ചെറിയാനുമെതിരെ കടുത്ത വിമർശനമാണ് പ്രവർത്തന റിപ്പോർട്ടിലുള്ളത്. മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിൽ ജാഗ്രത വേണം. ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നു നീക്കിയത് പ്രവർത്തന വീഴ്ചകളാലാണ്.  ജയരാജന്‍ സെക്രട്ടേറിയേറ്റ് പ്രവർത്തനങ്ങളിൽനിന്നു മാറിനിന്നത് ഗൗരവതരമാണ്. സമ്മേളന സമയത്തു മാത്രമാണ് ഇ.പി. സജീവമായതെന്നും റിപ്പോർട്ടില്‍ വിമര്‍ശനമുണ്ട്. സജി ചെറിയാൻ രാജി വയ്ക്കേണ്ടി വന്ന പശ്ചാത്തലത്തിൽ കൂടിയാണ്  റിപ്പോർട്ടിലെ പരാമർശം.പാർട്ടി നേതാക്കളും അംഗങ്ങളും വൻതുക വായ്പ എടുത്തിട്ടു തിരിച്ചടയ്ക്കാത്തത് സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്. കോടികളുടെ ബാധ്യത പല സഹകരണ ബാങ്കുകൾക്കുമുണ്ട്. വായ്പ തിരിച്ചടയ്ക്കണമെന്ന സർക്കുലർ പലരും കണക്കിലെടുക്കുന്നില്ല. സാമ്പത്തിക ക്രമക്കേട് പാർട്ടി പ്രതിച്ഛായയ്ക്കും കളങ്കമാണ്. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങൾ മേൽ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.


Source link

Related Articles

Back to top button