ഡിജിറ്റല്‍ അഡിക്ഷനെതിരായ ബോധവത്കരണത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്ക്; കേരളകൗമുദി ഓണ്‍ലൈന്‍ വാര്‍ത്താപരമ്പരയെ അഭിനന്ദിച്ച് മന്ത്രിയും ഡിഐജിയും

കേരളകൗമുദി ഓണ്‍ലൈന്‍ | Friday 07 March, 2025 | 7:56 PM
തിരുവനന്തപുരം: കേരളകൗമുദി ഓണ്‍ലൈന്‍ വാര്‍ത്താ പരമ്പരയ്ക്ക് അഭിനന്ദനം അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തില്‍ കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ അഡിക്ഷനും അതുകാരണമുണ്ടാകുന്ന പ്രതിസന്ധികളേയും സംബന്ധിച്ച് കേരളകൗമുദി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ‘പാഠം ഒന്ന്: ലഹരിയാകരുത് മൊബൈല്‍ ഫോണ്‍’ എന്ന വാര്‍ത്താ പരമ്പര വായിക്കാനിടയായെന്നും ഇത്തരം സംഭവങ്ങളില്‍ ബോധവത്കരണം നടത്തുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം റേഞ്ച് ഡിഐജിയും സോഷ്യല്‍ പൊലീസിംഗ് മേധാവിയുമായ അജിത ബീഗം ഐപിഎസും വാര്‍ത്താ പരമ്പരയെ അഭിനന്ദിച്ചു. കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷനെയും അതിനുള്ള പരിഹാരമാര്‍ഗങ്ങളെയും പ്രമേയമാക്കി കേരളകൗമുദി ഓണ്‍ലൈന്‍ തയ്യാറാക്കിയ വാര്‍ത്ത പരമ്പരയായ ‘പാഠം ഒന്ന് : ലഹരിയാകരുത് മൊബൈല്‍ ഫോണ്‍’ വളരെ നല്ല രീതിയില്‍ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെ കൈകാര്യം ചെയ്തിരിക്കുന്നുവെന്ന് ഡിഐജി പ്രതികരിച്ചു.
മൊബൈല്‍ ആസക്തി കുറയ്ക്കാന്‍ ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കണം: മന്ത്രി ശിവന്‍കുട്ടി
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൊബൈല്‍ ആസക്തി കുറയ്ക്കുന്നതിന് ആരോഗ്യകരമായ ശീലങ്ങളും സ്വയം അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്ന ഒരു സന്തുലിത സമീപനം ആവശ്യമാണ്. മാതാപിതാക്കളും അധ്യാപകരും ഷെഡ്യൂള്‍ ചെയ്ത സ്‌ക്രീന്‍ സമയം പ്രോത്സാഹിപ്പിക്കണം, മൊബൈല്‍ ഉപയോഗം പഠനം, ആശയവിനിമയം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പരിമിതപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കണം. സ്‌കൂളുകള്‍ക്ക് ഡിജിറ്റല്‍ ഡീടോക്‌സ് പ്രോഗ്രാമുകള്‍ നടപ്പിലാക്കാനും സ്‌ക്രീന്‍ ആശ്രിതത്വം കുറയ്ക്കുന്നതിന് ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍, ഹോബികള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കാനും കഴിയും.
ഏകാഗ്രതക്കുറവ്, ഉറക്ക അസ്വസ്ഥതകള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ പോലുള്ള അമിതമായ മൊബൈല്‍ ഉപയോഗത്തിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നത് നിര്‍ണായകമാണ്. വീട്ടിലും ക്ലാസ് മുറികളിലും സ്‌ക്രീന്‍-ഫ്രീ സോണുകള്‍ സജ്ജീകരിക്കുന്നതും സഹായിക്കും. പുസ്തകങ്ങള്‍ വായിക്കല്‍, കായികം, സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ള ഇതര ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നത് മൊബൈല്‍ ആസക്തിയെ ഗണ്യമായി കുറയ്ക്കും.ഇതിന് വിദ്യാലയങ്ങള്‍ മുന്‍കൈ എടുക്കണം.
കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഡിജിറ്റല്‍ അഡിക്ഷന്‍ പ്രധാന കാരണം: ഡിഐജി അജിത ബീഗം
കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷനെയും അതിനുള്ള പരിഹാരമാര്‍ഗങ്ങളെയും പ്രമേയമാക്കി കേരളകൗമുദി ഓണ്‍ലൈന്‍ തയ്യാറാക്കിയ വാര്‍ത്ത പരമ്പരയായ ‘പാഠം ഒന്ന് : ലഹരിയാകരുത് മൊബൈല്‍ ഫോണ്‍’ വളരെ നല്ല രീതിയില്‍ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെ കൈകാര്യം ചെയ്തിരിക്കുന്നു. കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ പ്രതിയാകുന്ന പ്രവണത കൂടിവരുന്ന ഈ കാലഘട്ടത്തില്‍ ഡിജിറ്റല്‍ അഡിക്ഷന്‍ പ്രധാനമായും അമിതമായ മൊബൈല്‍ഫോണ്‍ ഉപയോഗം ഇതിന് ഒരു പ്രധാനകാരണമാണ്.സമൂഹജീവിയായ മനുഷ്യന്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമൊക്കെ അകന്നുമാറി വിരല്‍ത്തുമ്പിലെ വിവരസാങ്കേതിക വിദ്യയിലേയ്ക് മാത്രം ചുരുങ്ങുബോള്‍ ദയ, ക്ഷമ, സഹജീവി സ്‌നേഹം എന്നിവയൊക്കെ വെറും കേട്ടു കേള്‍വി മാത്രമാകുന്നു.
നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനമാണ് കുട്ടികള്‍. കരയുമ്പോള്‍ കളിക്കാനായി കൊച്ചുകുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ നല്‍കുന്ന പ്രവണതയും, കുട്ടികളോട് സംസാരിക്കാന്‍ സമയമില്ലാതെ ഡിജിറ്റല്‍ ലോകത്ത് മുഴുകിയിരിക്കുന്ന മാതാപിതാക്കളും, നല്ല സുഹൃത്തുക്കള്‍ ഇല്ലാത്ത ബാല്യകാലവും, നേര്‍വഴി കാണിക്കുവാന്‍ മുത്തശ്ശനും മുത്തശ്ശിയുമില്ലാത്ത ശിഥിലമായ കുടുംബബന്ധങ്ങളും, പേരിനു പോലും കൂട്ടുകാരില്ലാത്ത ബാല്യകാലവും ഒക്കെ കുട്ടികളെ സമയം പോകാന്‍ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമുകളിലേയ്ക്കും, സൗഹൃദത്തിനായി ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത മുഖംമൂടിയണിഞ്ഞ സോഷ്യല്‍മീഡിയ സുഹൃത്തുക്കളിലേയ്ക്കും കൊണ്ടെത്തിക്കുന്നു. ഗെയിമുകളില്‍ കാണുന്ന അക്രമവും സോഷ്യല്‍മീഡിയയിലെ മാസ്മരികമായ തെറ്റായ സന്ദേശങ്ങളും കണ്ട് അതാണ് ലോകമെന്നു കുട്ടികള്‍ തെറ്റിദ്ധരിക്കുകയും പതിയെ അതൊരു അഡിക്ഷനായി മാറുകയും ചെയ്യുന്നു.
പഠന വൈകല്യം ഉറക്കക്കുറവ് കാഴ്ച പ്രശ്‌നം അമിതവണ്ണം എന്നിവയില്‍ തുടങ്ങി മാനസിക സമ്മര്‍ദ്ദത്തിലും , അക്രമ വാസനയിലും , ആത്മഹത്യാ പ്രവണതയിലും ഒക്കെ ചെന്നെത്തുന്ന ഗുരുതരമായ ഒരു പ്രശ്‌നമാണ് ഡിജിറ്റല്‍ അഡിക്ഷന്‍. മൊബൈല്‍ ഉപയോഗപരിധി നിശ്ചയിച്ചും ക്രിയേറ്റീവ് ആക്ടിവിറ്റികള്‍ പ്രോത്സാഹിപ്പിച്ചും വ്യായാമം, കളികള്‍, കുടുംബ ചര്‍ച്ചകള്‍ എന്നിവയില്‍ കുട്ടികളെ പങ്കെടുപ്പിച്ചും കൂടാതെ മൊബൈല്‍ ഫോണുകളില്‍ പാരന്റല്‍ കണ്‍ട്രോള്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചും കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ നമുക്ക് കഴിയും.
കുട്ടികളെ ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസിന്റെ സോഷ്യല്‍ പോലീസിംഗ് ഡിവിഷന് കീഴില്‍ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിരി ഹെല്പ് ലൈന്‍ നമ്പര്‍ 9497900200 വഴിയും കുട്ടികളുടെ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനാകും. വളര്‍ന്നു വരുന്ന തലമുറയെ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ പ്രശ്‌നത്തേയും അതിന്റെ പരിഹാരമാര്‍ഗത്തെയും കുറിച്ച് സമൂഹത്തെ ബോധവല്‍കരിക്കുന്നതിനു ഈ പംക്തി വളരെയധികം സഹായകമാണ്.
‘പാഠം ഒന്ന്: ലഹരിയാകരുത് മൊബൈല്‍ ഫോണ്‍’ കേരളകൗമുദി ഓണ്‍ലൈന്‍ വാര്‍ത്താ പരമ്പര ചുവടെ വായിക്കാം
ഒന്നാം ഭാഗം
രണ്ടാം ഭാഗം
മൂന്നാം ഭാഗം
Source link