KERALAMLATEST NEWS

കേരളത്തിലെ മറ്റൊരു റോഡ് കൂടി നാല് വരിയാകുന്നു; ചെലവ് ആയിരം കോടി രൂപ

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആറ് വരിയില്‍ ദേശീയപാത വികസനം പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയപാത പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ അത് കേരളത്തിന്റെ വികസനക്കുതിപ്പിന് പുത്തന്‍ ഉണര്‍വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ദേശീയപാതയും കടന്ന് കേരളത്തിലെ റോഡ് വികസനം മുന്നോട്ട് പോകുകയാണ്.

കൊല്ലം – തേനി ദേശീയപാത നാല് വരിയായി വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരം കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ ഭൂമി രാശി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍. അഞ്ചാലുംമൂട്ടില്‍ നിന്നു ബൈപാസ് നിര്‍മിക്കുന്നതു പരിഗണിച്ചിരുന്നെങ്കിലും നിലവില്‍ ബസ് സര്‍വീസ് നടത്തുന്ന അഞ്ചാലുംമൂട്- ഇളമ്പള്ളൂര്‍- ചിറ്റുമല വഴിയുള്ള പാത വികസിപ്പിക്കാനാണു തീരുമാനം.

നാല് വരിയായി വികസിപ്പിക്കുന്ന പാതയ്ക്ക് സര്‍വീസ് റോഡുകള്‍ ഉണ്ടാകില്ല. നിലവിലുള്ള കൊടുംവളവുകള്‍ നിവര്‍ത്തി 24 മീറ്ററിലാണ് നാല് വരിയായി റോഡ് വികസിപ്പിക്കുന്നത്. നിലവില്‍ പാതയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും 12 മുതല്‍ 14 മീറ്റര്‍ വരെയാണ് വീതിയുള്ളത്. ചില പ്രദേശങ്ങളില്‍ ഇത് പത്ത് മീറ്റര്‍ മാത്രമാണ്. 45 മീറ്ററാക്കിയാല്‍ മാത്രമേ സര്‍വീസ് റോഡ് നിര്‍മിക്കാന്‍ കഴിയുകയുള്ളൂ. ഇതിന് വേണ്ടി വലിയ തുക നല്‍കി ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത് വലിയ ബാദ്ധ്യതയുണ്ടാക്കും. അതുകൊണ്ടാണ് സര്‍വീസ് റോഡ് ഇല്ലാതെ നാല് വരിയായി നിര്‍മിക്കാന്‍ തീരുമാനിച്ചത്.

കടവൂര്‍ മുതല്‍ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് വരെയാണ് കൊല്ലം തേനി ദേശീയപാത വികസിപ്പിക്കുന്നത്. രണ്ടു മേഖലകളായി തിരിച്ചാണ് നിര്‍മാണം. കടവൂര്‍ മുതല്‍ ചക്കുവള്ളി വരെ 25.3 കിലോമീറ്റര്‍ ആണ് ആദ്യ മേഖല. ചക്കുവള്ളി മുതല്‍ ആഞ്ഞിലിമൂട് വരെ 29 കിലോമീറ്റര്‍ ദൂരം രണ്ടാം മേഖല. രണ്ട് മേഖലകളായി തിരിച്ചിട്ടുണ്ടെങ്കിലും ഒരേ സമയത്താകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക. ഭൂമി ഏറ്റെടുക്കല്‍, പാത നിര്‍മാണം എന്നിവയ്ക്കായി ആയിരം കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.


Source link

Related Articles

Back to top button