വാഷിങ്ടൻ ∙ തന്നെ ഇന്ത്യയ്ക്കു കൈമാറുന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസ് പ്രതിയും കനേഡിയൻ പൗരനുമായ തഹാവൂർ റാണ. യുഎസ് സുപ്രീംകോടതിയിലാണ് തഹാവൂർ റാണ അപേക്ഷ സമർപ്പിച്ചത്. തന്റെ ദേശീയത, മതം, സാംസ്കാരിക വ്യക്തിത്വം എന്നിവയുടെ പേരിൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാനും കൊല ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നു റാണ അപേക്ഷയിൽ പറയുന്നു. പാക് വംശജനായ മുസ്‌ലിമും മുൻ പാക്കിസ്ഥാൻ സൈനികനും ആയതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് റാണയ്ക്കു വേണ്ടി ഹാജരായ നിയമസംഘം കോടതിയെ അറിയിച്ചു. 3.5 സെന്റീമീറ്റർ നീളമുള്ള അബ്ഡോമിനൽ അയോർട്ടിക് അന്യൂറിസം, പാർക്കിൻസൺസ്, കാൻസർ തുടങ്ങിയ രോഗങ്ങൾ തനിക്ക് ഉണ്ടെന്നും അതിനാൽ ഇന്ത്യയിലേക്കു അയക്കരുതെന്നും റാണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ സർക്കാർ കൂടുതൽ സ്വേച്ഛാധിപത്യപരമായി പെരുമാറുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കു, പ്രത്യേകിച്ച് മുസ്‌ലിങ്ങൾക്കെതിരെ വ്യവസ്ഥാപിതമായ വിവേചനം കാണിക്കുന്നുണ്ടെന്ന ഹ്യൂമൻ റൈറ്റ്സ് വാച്ച് 2023 റിപ്പോർട്ടും നിയമസംഘം കോടതിയിൽ ഉദ്ധരിച്ചു.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും തഹാവൂർ റാണയെ കൈമാറുക. റാണയെ കൈമാറണം എന്നതു കുറേകാലമായുള്ള ഇന്ത്യയുടെ ആവശ്യമാണ്. 166 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ 2008ലെ മുംബൈ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ.
Source link
‘പാർക്കിൻസൺസും കാൻസറും’; ഇന്ത്യയ്ക്കു കൈമാറുന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് തഹാവൂർ റാണ
