KERALAMLATEST NEWS

പഴകിയ മരുന്നുകൾ നിങ്ങൾ എന്തുചെയ്യും? ഒരിക്കലും ഇങ്ങനെ ചെയ്യരുതേ

കോഴിക്കോട്: രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ നന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം ശേഖരിച്ചത് 15.25 ടൺ പഴകിയ മരുന്നുകൾ. ഉപയോഗശൂന്യവും കാലഹരണപ്പെട്ടതുമായ മരുന്നുകളാണ് ശേഖരിച്ചത്. ഇതിൽ രണ്ടേകാൽ ടൺ കൊച്ചിയിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെത്തിച്ച് (കീൽ) ശാസ്ത്രീയമായി നശിപ്പിച്ചു. ബാക്കിയുള്ളതും വെെകാതെ നശിപ്പിക്കും.

പഴകിയ മരുന്നുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതു മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം തടയാൻ തുടങ്ങിയ എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ റിമൂവൽ ഒഫ് അൺയൂസ്ഡ് ഡ്രഗ്സ്) പദ്ധതി പ്രകാരമായിരുന്നു മരുന്ന് ശേഖരണം. നല്ല തുടക്കമായതോടെ പദ്ധതി സംസ്ഥാന വ്യാപകമാക്കാൻ സാദ്ധ്യതയേറി. പരീക്ഷണാ‌ടിസ്ഥാനത്തിലാണ് കോഴിക്കോട്ട് നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിയോഗിച്ച ജീവനക്കാരും ഹരിതകർമ്മസേന വഴിയുമായിരുന്നു ശേഖരണം. അലോപ്പതി, ആയുർവേദ, യുനാനി അടക്കമുള്ള മരുന്നുകൾ ശേഖരിക്കും. ഖര, ദ്രാവക രൂപത്തിലുള്ളവ വേർതിരിക്കും. കാലഹരണപ്പെട്ട മരുന്നുകൾ ശേഖരിക്കാൻ കോർപ്പറേഷനിൽ 156 കളക്ഷൻ സെന്ററുകളും തുടങ്ങിയിട്ടുണ്ട്.

ഡ്രോപ് ബോക്സുകളും

മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച് മരുന്ന് നിക്ഷേപിക്കാൻ ഡ്രോപ് ബോക്സ് സ്ഥാപിക്കും. ഇവയിൽ ആർക്കും പഴകിയ മരുന്ന് നിക്ഷേപിക്കാം. ശേഖരിക്കാൻ ഹരിതകർമ്മ സേനയ്ക്ക് നിലവിലുള്ളതിന് പുറമെ ഒരു വീടിന് അഞ്ച് രൂപ നൽകും. 500 കിലോയിലധികമുള്ള പഴകിയ മരുന്നുകൾ ഇതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് പ്രത്യേകം നിയോഗിച്ചവർ ശേഖരിക്കും. മൊത്തമായി ശേഖരിക്കുന്നതിന് വ്യാപാരികൾ കിലോയ്ക്ക് 32 രൂപയും നികുതിയും നൽകണം.

ഏപ്രിൽ ആദ്യം ഉള്ള്യേരി പഞ്ചായത്തിലും പദ്ധതി തുടങ്ങും. മെഡിക്കൽ റപ്രസൻ്റേറ്റീവുമാരിൽ നിന്നും ശേഖരിക്കും.

– ഷാജി എം. വർഗീസ്

അസി. ഡ്രഗ്സ് കൺട്രോളർ, കോഴിക്കോട്


Source link

Related Articles

Back to top button