പ്ലാന്റേഷൻ മേഖലയ്ക്ക് വരുമാനക്കുതിപ്പാകാൻ ഇക്കോ ടൂറിസം; ഭൂമിയുടെ അളവ് കൂട്ടിയേക്കും

പത്തനംതിട്ട ∙ സംസ്ഥാനത്തെ പ്ലാന്റേഷൻ മേഖലയിലെ വൈവിധ്യവൽക്കരണവുമായി ബന്ധപ്പെട്ട് നയരൂപീകരണം നടത്തുന്നതിനായി സർക്കാരിനു കരട് റിപ്പോർട്ട് സമർപ്പിച്ച് പ്ലാന്റേഷൻ ഡയറക്ടറേറ്റ്. കോഴിക്കോട് ഐഐഎം നൽകിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഇക്കോ ടൂറിസം സാധ്യതകളാണ് വരുമാന വർധനയ്ക്ക് പ്രധാനമായും നടപ്പാക്കുക. ടൂറിസം പദ്ധതികൾക്കായി ഏകജാലക സംവിധാനം, നിലവിലെ തോട്ടവിളകൾക്കൊപ്പം വിദേശ പഴവർഗങ്ങൾ വളർത്താൻ അനുവദിക്കുക, 10 വർഷം ആയുർദൈർഘ്യമുള്ള എല്ലാ വിളകളെയും തോട്ടവിളകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുക, ചുവപ്പുനാടകൾ ഒഴിവാക്കി നടപടി ക്രമങ്ങൾ ലളിതമാക്കുക, കേരള ബ്രാൻഡ് എന്ന നിലയിൽ പ്രോത്സാഹനം നൽകുക തുടങ്ങിയ ശുപാർശകളും ഐഐഎം റിപ്പോർട്ടിലുണ്ട്. ഇതിന്റെ തുടർച്ചയായുള്ള ശുപാർശയാണു സർക്കാരിനു നൽകിയത്. വൈവിധ്യവൽക്കരണത്തിന് ആകെയുള്ളതിന്റെ 5% ഭൂമി ഒട്ടേറെ ഉപാധികളോടെയാണ് നിലവിൽ അനുവദിക്കുന്നത്. ഈ ഭൂമിയുടെ 10% ടൂറിസം പദ്ധതിക്കായി വിനിയോഗിക്കാമെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാവുന്ന ഭൂമിയുടെ അളവ് വർധിപ്പിക്കണമെന്നാണ് തോട്ടം ഉടമകളുടെ ആവശ്യം. ചില സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഇളവു നൽകി നിയമ നിർമാണം നടത്തിയെന്ന കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം സർക്കാർ പരിശോധിക്കും.
Source link