സിപിഐ ജില്ലാ സെക്രട്ടറിയുടെ മകനെ കൊല്ലാൻ ക്വട്ടേഷനെന്ന് പരാതി: പി.രാജുവിന്റെ ഡ്രൈവർക്കെതിരെ കേസ്

കൊച്ചി ∙ സിപിഐ എറണാകുളം ജില്ലാ എക്സിക്യുട്ടീവ് അംഗം ഡിവിൻ കെ.ദിനകരനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ, അന്തരിച്ച പറവൂർ മുൻ എംഎൽഎ പി. രാജുവിന്റ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. രാജുവിന്റെ ഡ്രൈവർ ധനേഷിനും സുഹൃത്ത് വിധുൽ ശങ്കറിനുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നു എന്നു കാട്ടി എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കാണ് സിപിഐ ജില്ലാ സെക്രട്ടറി കെ.എം.ദിനകരന്റെ മകൻ കൂടിയായ ഡിവിൻ പരാതി നൽകിയത്.സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പി.രാജുവിനെ ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിയതിനു പിന്നിൽ താനും പിതാവുമാണെന്ന തെറ്റിദ്ധാരണയിലാണ് ക്വട്ടേഷൻ നൽകിയത് എന്നാണ് പരാതി. മാർച്ച് 4ന് വള്ളുവള്ളിയിൽ വിധുൽ ശങ്കറിന്റെ വീടിനടുത്തുള്ള ചീനവലയുടെ സമീപത്തുവച്ച് പ്രതികൾ ഗൂഢാലോചന നടത്തുകയും തന്നെയും പാർട്ടി മണ്ഡലം സെക്രട്ടറിയെയും കൊല്ലാൻ ക്വട്ടേഷൻ നൽകുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ഡിവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.രോഗബാധിതനായിരുന്ന രാജു കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. എന്നാൽ പാർട്ടിയിലെ പീഡനങ്ങളാണ് രാജുവിനെ ബാധിച്ചതെന്നാണ് കുടുംബം ആരോപിച്ചത്. രാജുവിനെതിരെ നടപടി സ്വീകരിക്കാൻ മുന്നിൽ നിന്നവർ സംസ്കാര ചടങ്ങിന് എത്തേണ്ടെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ജില്ലാ നേതൃത്വത്തോടുള്ള എതിര്‍പ്പ് മൂലം മൃതദേഹം പാർട്ടി ഓഫിസിനു പകരം പറവൂർ മുൻസിപ്പൽ ടൗൺഹാളിലാണ് കുടുംബം പൊതുദർശനത്തിനു വച്ചത്. അന്നു മുതലുള്ള കാാര്യങ്ങൾ ഡിവിൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു രാജുവിന്റെ ഡ്രൈവറും ബന്ധുക്കളും ചേർന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും വധഭീഷണി മുഴക്കുന്നുവെന്നുമായിരുന്നു പരാതി.
Source link