മൊബൈലുമായി എത്തുന്ന കുട്ടികളെ ഭയം, ദൃശ്യങ്ങള്‍ പകര്‍ത്തിയത് അദ്ധ്യാപിക അറിയുന്നത് ഇന്‍സ്റ്റാഗ്രാം റീല്‍സില്‍

കുട്ടികളില്‍ വര്‍ദ്ധിച്ച് വരുന്ന അക്രമ വാസന ഇന്ന് സമൂഹത്തില്‍ വലിയ ചര്‍ച്ചാ വിഷയമാണ്. ഭാവിയുടെ വാഗ്ദാനങ്ങളാകേണ്ട പുതിയ തലമുറ ഇന്ന് ദിശതെറ്റി സഞ്ചരിക്കുന്നത് ലഹരിയുടേയും ആക്രമത്തിന്റേയും പാതയിലാണ്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്. അതില്‍ പ്രധാനമാണ് ഡിജിറ്റല്‍ അഡിക്ഷന് കാരണമായി ചെറിയപ്രായത്തില്‍ തന്നെ കൈയില്‍ കിട്ടുന്ന മൊബൈല്‍ ഫോണുകള്‍. വീട്ടിലും സഹപാഠികളോടും മാത്രമല്ല സ്‌കൂളുകളില്‍ അദ്ധ്യാപകരോട് പോലും വിദ്യാര്‍ത്ഥികളുടെ മനോഭാവം മാറിയിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് അദ്ധ്യാപകര്‍ പങ്കുവയ്ക്കുന്നത്. ഡിജിറ്റല്‍ അഡിക്ഷനെ പ്രമേയമാക്കി കേരളകൗമുദി ഓണ്‍ലൈന്‍ തയ്യാറാക്കിയ വാര്‍ത്താ പരമ്പര ‘പാഠം ഒന്ന്: ലഹരിയാകരുത് മൊബൈല്‍ ഫോണ്‍’ അവസാന ലക്കം
തിരുവനന്തപുരം: ‘കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും സമൂഹമാദ്ധ്യമങ്ങളില്‍ സമയം അധികമായി ചെലവഴിക്കുകയും ചെയ്യുന്നത് സ്‌കൂളില്‍ അവരുടെ പെരുമാറ്റത്തെ മാറ്റിയിരിക്കുന്നു. കുട്ടികളുടെ മനോഭാവം മാറിയിരിക്കുന്നു. പഴയത് പോലെ നിഷ്‌കളങ്കമായി ചിരിക്കുന്ന മുഖത്തോടെ അവരെ തിരികെ കൊണ്ടുവരണം, രക്ഷിതാക്കള്‍ വീടുകളില്‍ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം’. അടുത്തിടെ തലസ്ഥാന നഗരത്തിലെ ഒരു സ്‌കൂള്‍ മാനേജ്മെന്റ് രക്ഷിതാക്കള്‍ക്ക് അയച്ച സന്ദേശമാണിത്.
നമ്മുടെ കുട്ടികളുടെ സ്‌കൂളുകളിലെ പെരുമാറ്റം എത്രകണ്ട് മോശമായി മാറിയിരിക്കുന്നുവെന്നും അവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കൊടുംക്രൂരത നിറഞ്ഞിരിക്കുന്നുവെന്നും മനസ്സിലാക്കാന്‍ നിരവധി ഉദാഹരണങ്ങളാണ് സമീപകാലത്ത് സംഭവിക്കുന്നത്. കോഴിക്കോട് താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. കാസര്‍കോട് ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടിക്ക് കഞ്ചാവ് എത്തിച്ചത് അടുത്ത കാലം വരെ ചിന്തിക്കാന്‍ പോലും കഴിയാത്ത സംഭവമായിരുന്നു.
ലഹരിക്കേസുകളിലേക്ക് ചെറിയ പ്രായത്തില്‍ എത്തുന്നതും ക്രൂര സ്വഭാവം കൊലപാതകത്തിലേക്ക് പോലും എത്തിക്കുന്നതിന് പിന്നിലും സ്മാര്‍ട് ഫോണ്‍ ഉപയോഗത്തിന് വലിയ പങ്കുണ്ട്. താമരശേരിയിലെ കൊലപാതകത്തിന് മുന്നൊരുക്കവും ആസൂത്രണവും നടത്താന്‍ പ്രതികളായ കുട്ടികള്‍ ഉപയോഗിച്ചത് ഇന്‍സ്റ്റാഗ്രാം ചാറ്റ് ആണ്. തന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് പാലക്കാട് ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥി അദ്ധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത് തൊട്ട് മുമ്പത്തെ മാസമാണ്.
കുട്ടികളില്‍ വന്നിരിക്കുന്ന ഈ മാറ്റങ്ങള്‍ അദ്ധ്യാപകരേയും സ്‌കൂള്‍ അധികൃതരേയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ക്ലാസില്‍ കുട്ടികള്‍ പഴയത്പോലെയല്ല പെരുമാറുന്നതെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. പണ്ട്കാലത്ത് അദ്ധ്യാപകര്‍ വഴക്ക് പറയുകയോ തല്ലുകയോ പോലുള്ള ചെറിയ ശിക്ഷ നല്‍കിയാല്‍ തിരിച്ച് പ്രതികരിക്കുന്ന കുട്ടികള്‍ വളരെ അപൂര്‍വമായിരുന്നു. എന്നാല്‍ ഇന്ന് ക്ലാസില്‍ ഒന്ന് ഉറക്കെ സംസാരിച്ചാല്‍ അതിലും ഒച്ചത്തിലാണ് ഭൂരിഭാഗവും പ്രതികരിക്കുന്നത്.
മൊബൈല്‍ ഫോണുമായി ക്ലാസില്‍ ഇരിക്കുന്ന കുട്ടികളെ പഠിപ്പിക്കുമ്പോള്‍ തങ്ങള്‍ക്ക് സ്വകാര്യതയുടെ കാര്യത്തില്‍ പോലും ഭയമുണ്ടെന്നും വനിതാ അദ്ധ്യാപികമാര്‍ പറയുന്നു. ക്ലാസ് എടുക്കുന്ന അദ്ധ്യാപികയുടെ വീഡിയോ ചിത്രീകരിച്ച ശേഷം അവര്‍ പോലും അത് അറിയുന്നത് പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ആയി എത്തിയ ശേഷമാണ്. ഒരാളുടെ ദൃശ്യങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തരുതെന്ന അടിസ്ഥാന സൈബര്‍ നിയമം പോലും വിദ്യാര്‍ത്ഥികള്‍ക്ക് അറിയില്ല.
ഇന്ന് പല വിദ്യാര്‍ത്ഥികളേയും മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ വഴക്ക് പറയാന്‍ പോലും ഭയമാണെന്ന് പുരുഷ – വനിതാ അദ്ധ്യാപകര്‍ ഒരുപോലെ പറയുന്നു. ക്ലാസില്‍ നോട്ട് കുറിക്കുന്ന സ്വഭാവം പോലും ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അന്യമായി കഴിഞ്ഞു. എന്തെങ്കിലും സംശയം വന്നാല്‍ എന്ത് ചെയ്യുമെന്ന അദ്ധ്യാപികയുടെ ചോദ്യത്തിന് ഒരു വിദ്യാര്‍ത്ഥി നല്‍കിയ മറുപടി ‘ഞങ്ങള്‍ ഗൂഗിള്‍ ചെയ്തോളാം’ എന്നായിരുന്നു.
നോട്ടെഴുതാന്‍ പറഞ്ഞാല് പിഡിഎഫ് ആയി അത് അയച്ച് തന്നാല്‍ മതിയെന്നും ടീച്ചര്‍ പഠിപ്പിക്കുന്ന ഓഡിയോ റെക്കോഡ് ചെയ്തിട്ടുണ്ട് സമയം പോലെ കേട്ട് പഠിച്ചോളാം എന്ന് പറയുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുന്നു.
മൊബൈല്‍ ഫോണുകളുടെ അമിതമായ ഉപയോഗം ഒരു അപകടകരമായ ശീലമാണ്. കുട്ടികളുടെ സ്വഭാവം, മനോഭാവം, മറ്റുള്ളവരോടുള്ള പെരുമാറ്റം എന്നിവയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് ഇതിന് വലിയ പങ്കുണ്ട്. സ്വന്തം വീട്ടിലുള്ളവരോടും സ്‌കൂളില്‍ അദ്ധ്യാപകരോടും സഹപാഠികളോടും പോലും ശത്രുതാ മനോഭാവം വര്‍ദ്ധിക്കുന്നതിന് പിന്നില്‍ മൊബൈല്‍ ഫോണിലേക്ക് ഒതുങ്ങിപ്പോകുന്ന ബാല്യങ്ങള്‍ തന്നെയാണ് കാരണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിക്കഴിഞ്ഞു.
ഡിജിറ്റല്‍ അഡിക്ഷന് തടയിടാന്‍ കേരള പൊലീസിന്റെ ഡി-ഡാഡ് പോലുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുകയും ഒപ്പം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരെ ഒരുമിപ്പിക്കുകയും ചെയ്യുന്നതാകുമെന്നും സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ സമൂഹമെന്ന നിലയില്‍ കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കുന്നതിലും അവരേക്കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യം ഓരോ പൗരനും തിരിച്ചറിയുകയും വേണം. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ നമ്മുടെ കുട്ടികളില്‍ ബാധിച്ചിരിക്കുന്ന ഈ മഹാവിപത്തിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂ.
Source link