KERALAMLATEST NEWS

മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു, തർക്കം ആളെ കയറ്റിയതിന്റെ പേരിൽ

മലപ്പുറം: സ്വകാര്യ ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ കുഴഞ്ഞുവീണുമരിച്ചു. ഒതുക്കുങ്ങൽ സ്റ്റാൻഡിലെ ഡ്രൈവറായ മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. മർദനമേറ്റതിന് പിന്നാലെ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് സ്വയം ഓട്ടോ ഓടിച്ച് ആശുപത്രിയിൽ എത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആശുപത്രിയിലുണ്ടായിരുന്ന നാട്ടുകാരനായ ഒരാളാണ് ലത്തീഫിനെ തിരിച്ചറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ബസ് ജീവനക്കാരെയും ബസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം.

വടക്കേമണ്ണയിലെ ബസ്‌സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയതുമായി ബന്ധപ്പെട്ടാണ് ബസ് ജീവനക്കാർ ലത്തീഫിനെ മർദിച്ചത്. പിടിബി എന്ന സ്വകാര്യബസിന് മുന്നേ പോയ ലത്തീഫിന്റെ ഓട്ടോയിൽ ബസ്‌സ്റ്റോപ്പിനടുത്ത് റോഡുവക്കിലുണ്ടായിരുന്നു രണ്ട് സ്ത്രീകൾ കയറി. ഇതുകണ്ട ബസ് ജീവനക്കാർ ബസ് കുറുകെയിട്ട് ഓട്ടോ തടയുകയും ലത്തീഫിനെ മർദിക്കുകയുമായിരുന്നു. കഴുത്തിൽ കുത്തിപ്പിടിക്കുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തു എന്നാണ് ലത്തീഫിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.

മർദ്ദനത്തെത്തുടർന്ന് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിനാൽ സ്വയം ആശുപത്രിയിലേക്ക് പോകാൻ ലത്തീഫ് തീരുമാനിക്കുകയായിരുന്നു. ഡോക്ടറെ കണ്ടശേഷം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാനായിരുന്നു തീരുമാനം. എന്നാൽ ആശുപത്രിയിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ലത്തീഫിന്റെ കഴുത്തിലുൾപ്പെടെ പാടുകളുണ്ടെന്നാണ് ആശുപത്രിയിലുണ്ടായിരുന്ന ചിലർ പറയുന്നത്. ലത്തീഫിന് മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് വ്യക്തമല്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. നാലുമക്കളാണ് ലത്തീഫിന്.

ആളെ കയറ്റുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ താനൂരിൽ ഇന്നലെയും ഓട്ടോഡ്രൈവർക്ക് ബസ് ജീവനക്കാരുടെ മർദ്ദനമേറ്റിരുന്നു.


Source link

Related Articles

Back to top button