പി.രാജുവിന്റെ മരണത്തിനു പിന്നാലെ വിവാദ പ്രസ്താവന: ഇസ്മയിലിനോട് വിശദീകരണം തേടി സിപിഐ, നടപടി ?

തിരുവനന്തപുരം ∙ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണത്തിനു പിന്നാലെ മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിൽ മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിൽ നടപടിയെടുക്കാൻ ഒരുങ്ങി സിപിഐ. ഇസ്മയിലിനോട് വിശദീകരണം തേടാൻ പാർട്ടി തീരുമാനിച്ചു. ഇന്നു ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം. ഇസ്മായിലിന്റെ വിശദീകരണം അടുത്ത എക്സിക്യൂട്ടീവിൽ തന്നെ ചർച്ച ചെയ്‌ത് ഉചിതമായ നടപടി സ്വീകരിക്കണമെന്ന ധാരണയാണ് സംസ്ഥാന എക്സിക്യൂട്ടീവിൽ ഉണ്ടായിരിക്കുന്നത്.ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി എടുക്കാനുള്ള തീരുമാനം. മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്. പി. രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിനായി വയ്ക്കരുതെന്നും പിന്നിൽനിന്നു കുത്തിയവർ മൃതദേഹം കാണാൻ പോലും വരരുതെന്നും കുടുംബം പറഞ്ഞിരുന്നു. എന്നാൽ പി. രാജുവിന്റെ കുടുംബത്തിന്റെ പരാതികളിൽ കഴമ്പുണ്ടെന്നു സ്ഥിരീകരിക്കുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു കെ.ഇ. ഇസ്മയിൽ നടത്തിയത്.
Source link