സ്വർണവിലയിൽ വൻ ഇടിവ്; ആഭരണപ്രിയർക്ക് ആശ്വാസം, വഴിയൊരുക്കി ട്രംപിന്റെ ‘ഇളവ്’, ഉറ്റുനോട്ടം അമേരിക്കയിലേക്ക്

കേരളത്തിൽ സ്വർണത്തിന് ഓരോ ജ്വല്ലറി ഷോറൂമിലും വ്യത്യസ്ത വിലയാണെങ്കിലും രണ്ടുദിവസമായി വില താഴേക്കാണെന്നത് ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും നൽകുന്നത് വൻ ആശ്വാസം. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന സ്വർണ വ്യാപാരിസംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7,990 രൂപയായി. 240 രൂപ കുറഞ്ഞ് 63,920 രൂപയാണ് പവൻ വില. ഏറെ ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഗ്രാം വില 8,000 രൂപയ്ക്കും പവൻവില 64,000 രൂപയ്ക്കും താഴെയെത്തുന്നത്.18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,590 രൂപയായി. വെള്ളിവില ഗ്രാമിന് 108 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം എകെജിഎസ്എംഎയുടെ കണക്കുപ്രകാരം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് താഴ്ന്നത്. കഴിഞ്ഞമാസം 25ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയരം.എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ നിർണയപ്രകാരം ഇന്നു സ്വർണവില ഗ്രാമിന് കുറഞ്ഞത് 60 രൂപയാണ്. വില 8,000 രൂപയായി. 480 രൂപ പിന്നോട്ടിറങ്ങി 64,000 രൂപയാണ് പവനുവില. 50 രൂപ താഴ്ന്ന് 18 കാരറ്റ് സ്വർണവില 6,585 രൂപയിലെത്തി. വെള്ളിക്ക് ഗ്രാമിന് 106 രൂപ; വിലയിൽ മാറ്റമില്ല. സ്വർണത്തിന് മേൽപ്പറഞ്ഞത് അടിസ്ഥാന വിലയാണ്. ഇതോടൊപ്പം ജിഎസ്ടി (3%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി എന്നിവയും ചേരുമ്പോഴേ സ്വർണാഭരണത്തിന്റെ വാങ്ങൽ വിലയാകൂ. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 3% മുതൽ 30% വരെയൊക്കെയാകാം.
Source link