‘മുടി സ്ട്രെയിറ്റാക്കാൻ 10000 രൂപ, യുവാവ് പോയത് പെൺകുട്ടി ആവശ്യപ്പെട്ടിട്ട്; പരിചയം ഇൻസ്റ്റയിലൂടെ’

മുംബൈ ∙ താനൂരിൽനിന്നു കാണാതായ 2 പെൺകുട്ടികൾ മുംബൈയിലെ ലാസ്യ സലൂണിൽ മുടി ട്രിം ചെയ്യാൻ എത്തിയത് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ. മുഖം മറച്ചാണ് ഇരുവരും എത്തിയത്. ഹിന്ദിയോ ഇംഗ്ലിഷോ സംസാരിക്കാത്ത പെൺകുട്ടികൾക്ക് മലയാളം മാത്രമാണ് അറിയാമായിരുന്നത്. ഇതോടെ മലയാളം അറിയാവുന്ന ജീവനക്കാരൻ പെൺകുട്ടികൾക്കൊപ്പം നിന്നു.മുടി സ്ട്രെയിറ്റ് ചെയ്യണമെന്നും മുഖത്തിന്റെ ലുക്ക് മാറ്റണമെന്നുമാണ് വിദ്യാർഥിനികൾ ആവശ്യപ്പെട്ടത്. നീളമുള്ള മുടി മുറിച്ചു. പേരും മൊബൈൽ നമ്പരും ചോദിച്ചപ്പോൾ ഫോൺ കാണാതായെന്ന് പറഞ്ഞ് പേരു മാത്രമാണ് നൽകിയത്. ട്രീറ്റ്‌മെന്റ് നടക്കുമ്പോൾ തന്നെ സമയമായെന്നും വേഗം പോകണമന്നും പറഞ്ഞു. ഇത്രയും പണം മുടക്കുമ്പോൾ മുഴുവനായി ചെയ്യണമെന്നു ജീവനക്കാർ വിശദീകരിച്ചു. ഇതിനിടെ പെൺകുട്ടികളെ ആൺസുഹൃത്ത് വിളിക്കുന്നുണ്ടായിരുന്നു. പെൺകുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നു എന്നാണ് ജീവനക്കാർ പറഞ്ഞത്. രണ്ടു പേരും കൂടി 10,000 രൂപയുടെ ട്രീറ്റ്മെന്റാണ് ചെയ്തത്. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് വന്നതെന്നും പൻവേലിലേക്ക് പോകുമെന്നും ജീവനക്കാരോട് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴേക്കും പെൺകുട്ടികൾ പരുങ്ങി. പിന്നീട് വിദ്യാർഥിനികൾ വേഗം സ്ഥലം കാലിയാക്കി. വിദ്യാർഥിനികൾ സ്ഥലംവിട്ട ശേഷം പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് കേരളത്തിൽനിന്നു കാണാതായ പെൺകുട്ടികളാണ് സലൂണിൽ എത്തിയതെന്ന് ജീവനക്കാർ അറിയുന്നത്.
Source link