ഗരുഡനെ നിർമിച്ചത് രണ്ട് വർഷമെടുത്ത്, മുടക്കു മുതലിന്റെ പകുതിയും നൂറുകണക്കിന് ആളുകളുടെ ശമ്പളമായി കൊടുത്തു: വിമർശകരോട് വേണു കുന്നപ്പിള്ളി

ഗുരുവായൂരിൽ ഗരുഡ പ്രതിഷ്ഠ നടത്തിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന വിമർശനങ്ങളോട് പ്രതികരിച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി. മരുന്നു വാങ്ങാൻ ആയിരം രൂപ കൊടുത്ത്, മാധ്യമങ്ങളെ ചുറ്റും കൂട്ടി ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളിൽ ഇട്ട് കയ്യടി നേടുന്ന മിടുക്ക് തനിക്കില്ലെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. ജീവിതത്തിൽ പാവപ്പെട്ടവനൊരു ചായ പോലും മേടിച്ചു കൊടുക്കാത്ത പാഴ്ജന്മങ്ങളാണ് ഇതുപോലുള്ള വിമർശനങ്ങളുമായി എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.‘‘ഈ മാസം ഒന്നാം തീയതിയായിരുന്നു ഗുരുവായൂരിൽ മഞ്ജുളാൽ സമർപണവും, ഗരുഡ പ്രതിഷ്ഠയും നടന്നത്. പത്ര മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിൽ കൂടിയും വ്യാപകമായാണ് ഇതിന്റെ ചിത്രങ്ങളും വാർത്തയുമെല്ലാം പ്രചരിച്ചത്. ഗുരുവായൂരമ്പലത്തിനോട് ചേർന്ന് ഏവരും ശ്രദ്ധിക്കുന്ന ഒരു കാര്യമായതു കൊണ്ടായിരിക്കും ഇതിനിത്രയേറെ പ്രചാരണം ലഭിച്ചത്. ഈ വാർത്തകൾക്കു ചുവടെ വന്ന കുറേയേറെ കമന്റുകൾ സുഹൃത്തുക്കളെനിക്ക് അയച്ചു തന്നിരുന്നു. ചിലതെല്ലാം വായിച്ചതിൽ നിന്നും, ഏറെക്കുറെ പലതിന്‍റെയും സ്വഭാവം ഒന്നുതന്നെയാണെന്നു വ്യക്തമായി.‘‘അതിന് ചെലവ് ചെയ്ത പണം കൊണ്ട് പാവപ്പെട്ടവർക്ക് വീട് വെച്ചുകൊടുത്തു കൂടെ ?, മരുന്നു വാങ്ങാൻ പണം കൊടുത്തു കൂടെ ?, കല്യാണം നടത്തി കൊടുത്തു കൂടെ?, ദൈവങ്ങൾക്ക് ഇതിന്റെ ആവശ്യമുണ്ടോ ?’’’ ഇതു പോലുള്ള ഒട്ടും വിചിത്രമല്ലാത്ത കമന്റുകളാണ് ഏറെയും. ഇതിനൊന്നും മറുപടി അർഹിക്കുന്നില്ലെങ്കിലും, ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന് തോന്നി.
Source link