KERALAM

തെലങ്കാന ടണൽ ദുരന്തത്തിൽ തിരച്ചിലിനെത്തിച്ചു,​ മനുഷ്യനെ മണത്തുപിടിക്കും ഈ മായയും മർഫിയും

തിരുവനന്തപുരം: നാൽപ്പതടി താഴ്ചയിൽ നിന്നുപോലും മനുഷ്യഗന്ധം തിരിച്ചറിയാനാവുന്ന കേരളാ പൊലീസിന്റെ മായ,മർഫി കഡാവർ നായ്ക്കൾ തെലങ്കാനയിലെ ടണൽദുരന്തത്തിൽ രക്ഷാദൗത്യത്തിലും. ബെൽജിയം മലിനോയിസ് ഇനത്തിൽപെട്ടവയാണിവ. ശ്രീശൈലം ലെഫ്‌റ്റ്ബാങ്ക് കനാൽ പദ്ധതിയുടെ ഭാഗമായ ടണൽ നിർമ്മിക്കവേയുണ്ടായ ദുരന്തത്തിൽ 14ദിവസമായി മണ്ണിനടിയിലുള്ള 8തൊഴിലാളികളെ തിരയാനാണ് മായയും മർഫിയുമെത്തിയത്. ദേശീയ ദുരന്തനിവാരണ സേനയുടെ ആവശ്യപ്രകാരം ഇവയെ പരിശീലകർക്കൊപ്പം വിട്ടുനൽകാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.

മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താൻ വൈദഗ്ദ്ധ്യമുള്ളതാണ് ഇവ. പെട്ടിമുടി,കൊക്കയാർ,വയനാട് ഉരുൾപൊട്ടലുകളുണ്ടായപ്പോൾ നിരവധി മൃതദേഹങ്ങൾ ഇവ കണ്ടെത്തിയിരുന്നു. ദുരന്തനിവാരണ സേനയ്ക്ക് പുറമേ കേരളാ പൊലീസിനാണ് കഡാവർനായ്ക്കളുള്ളത്. ലോക്നാഥ് ബെഹറ ഡി.ജി.പിയായിരിക്കെ പഞ്ചാബിൽ നിന്ന് വാങ്ങി പരിശീലിപ്പിച്ചവയാണിവ. 2020മുതൽഇവ പൊലീസിലുണ്ട്.

പൊലീസിന് ബെൽജിയം ഇനത്തിലെ 36നായ്ക്കളുണ്ട്. ഇതിൽ മായ,മർഫി,ഇടുക്കിയിലുള്ള എയ്ഞ്ചൽ എന്നിവയാണ് മണ്ണിനടിയിൽ മനുഷ്യശരീരം കണ്ടെത്താൻ വൈദഗ്ദ്ധ്യമുള്ളവ. ഹ്യുമൻ റിമെയ്ൻസ് ഡിറ്റക്ഷൻ ഡോഗ്സ് എന്നാണിവയെ വിളിക്കുക. രക്തം,എല്ല്, മാംസഭാഗങ്ങൾ എന്നിവയെല്ലാം കണ്ടെത്തും. പരിശീലകരായ പി.പ്രഭാത്,കെ.എം.മനേഷ്,ജോർജ്ജ് മാനുവൽ,വിനീത് എന്നിവരും തെലങ്കാനയിലെത്തിയിട്ടുണ്ട്.

മൂക്കിലെ സെൻസറുകൾ

മൂക്കിലെ 300ദശലക്ഷത്തിലേറെ ഘ്രാണസെൻസറുകളുപയോഗിച്ചാണ് ബെൽജിയം മലിനോയിസിന്റെ മണംപിടിക്കൽ.

മനുഷ്യശരീരം ജീർണിക്കുമ്പോഴുണ്ടാവുന്ന 400ലേറെ രാസസംയുക്തങ്ങൾ മറവുചെയിതിടത്ത് വർഷങ്ങളോളമുണ്ടാവും. ഇതാണ് നായ്ക്കൾ മണത്തെടുക്കുക.

ദുരന്തമുഖത്തും അവശിഷ്ടങ്ങൾക്കിടയിലും ഗ്ലാസ് ചില്ലുകൾക്കിടയിലുമെല്ലാം മനുഷ്യശരീരം മണത്തറിയുന്നവയാണ് ഡിസാസ്റ്റർ കഡാവർ നായ്ക്കൾ.

ലാദനെയും ബാഗ്ദാദിയെയും കുരുക്കി

ബിൻലാദന്റെയും ഐസിസ് തലവൻ അബൂബക്കർ ബാഗ്ദാദിയുടെയും ഒളിയിടം കണ്ടെത്തി കൊലയ്ക്ക് വഴിയൊരുക്കിയത് അമേരിക്കൻ സേനയിലെ ബെൽജിയം മലിനോയിസാണ്. കുരച്ച്ബഹളമുണ്ടാക്കാതെ തലയാട്ടിയും മറ്റുമാണ് സൈനികർക്ക് വിവരം കൈമാറുക.

₹50,000

പൊലീസ് വാങ്ങിയ ബെൽജിയം മലിനോയിസിന്റെ വില


Source link

Related Articles

Back to top button