ചോദ്യച്ചോർച്ച കേസിൽ ഹൈക്കോടതി, സ്‌കൂൾ പരീക്ഷയിൽ സുതാര്യത ഉറപ്പാക്കണം

ചോദ്യച്ചോർച്ച കേസ് പ്രതിക്ക് മുൻകൂർ ജാമ്യമില്ല
കൊച്ചി: സ്‌കൂൾ പരീക്ഷകൾ ഗൃഹാതുരതയാണെന്നും, അതിന്റെ നടത്തിപ്പിൽ സത്യസന്ധതയും സുതാര്യതയും പുലർത്തണമെന്നും ഹൈക്കോടതി. പത്താം ക്ലാസ് ഓണം, ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർത്തിയ കേസിലെ മുഖ്യപ്രതി എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന് മുൻകൂർ ജാമ്യം നിഷേധിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.
പരീക്ഷ ഹാളിൽ കിട്ടുന്ന ചോദ്യപ്പേപ്പറിൽ എളുപ്പമുള്ളത് കാണുമ്പോഴുള്ള രോമാഞ്ചത്തിൽ നിന്നാണ് കുട്ടികൾ ആനന്ദം അനുഭവിക്കേണ്ടത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുക, ഉത്സാഹത്തോടെ എഴുതാനെത്തുക, ബെൽ മുഴങ്ങുമ്പോൾ കിട്ടുന്ന ചോദ്യപ്പേപ്പർ സങ്കോചത്തോടെ നോക്കുക. ഇതെല്ലാം പരീക്ഷയെക്കുറിച്ചുള്ള നല്ല ഓർമ്മകളാണ്. പരീക്ഷയുടെ പവിത്രത നിലനിറുത്തിയില്ലെങ്കിൽ രാപ്പകൽ അദ്ധ്വാനിക്കുന്ന വിദ്യാർത്ഥികൾ നിരാശരാകും. ചോർന്നുകിട്ടിയവർക്ക് അനർഹമായ നേട്ടമുണ്ടാകും. ഹർജിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. ചോദ്യച്ചോർച്ചയിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിനാലാണ് ഷുഹൈബ് മുൻകൂർ ജാമ്യഹർജി നൽകിയത്.
ചോദ്യങ്ങൾ പ്രവചിച്ചതെന്ന് പ്രതി
ചോദ്യങ്ങൾ താൻ പ്രവചിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ ചോർത്തിയതാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. അന്വേഷണം പൂർത്തിയാക്കാൻ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയ വിദഗ്ദ്ധരുടെ മൊഴികളും കേസ് ഡയറിയും കോടതി പരിശോധിച്ചിരുന്നു. പത്താം ക്ലാസ് ഓണപ്പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപ്പേപ്പറും വിലയിരുത്തി. ചോദ്യപ്പേപ്പറിലെ അതേ ക്രമത്തിലാണ് 18 മുതൽ 26 വരെയുള്ള ചോദ്യങ്ങൾ ഹർജിക്കാരൻ യൂട്യൂബ് ചാനലിൽ പ്രചരിപ്പിച്ചത്. യഥാർത്ഥ ചോദ്യപ്പേപ്പർ കാണാതെ അത്തരമൊരു പ്രവചനം അസാദ്ധ്യമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതായി കോടതി വ്യക്തമാക്കി. ചോദ്യച്ചോർച്ചയുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.
എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ കീഴടങ്ങികോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയ കേസിൽ ഒന്നാംപ്രതി കോഴിക്കോട് ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി. കൊടുവള്ളിയിലെ സ്വകാര്യ ട്യൂഷൻ സെന്ററായ എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ ഷുഹൈബാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് കീഴടങ്ങിയത്. ചോദ്യപേപ്പർ സ്ഥാപനത്തിന് ചോർത്തിക്കൊടുത്ത മലപ്പുറം മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂൺ മലപ്പുറം രാമപുരം സ്വദേശി അബ്ദുൾ നാസറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ചോദ്യം ചെയ്യലിനുശേഷം ഷുഹൈബിനെ ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കമെന്ന് ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീൻകുട്ടി പറഞ്ഞു. ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയതിനെ തുടർന്നാണ് ഷുഹൈബ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ നേരത്തേ അറസ്റ്റിലായ എം.എസ് സൊല്യൂഷൻസിലെ അദ്ധ്യാപകരായ മലപ്പുറം ഹാജിയാർപള്ളി തുമ്പത്ത് വീട്ടിൽ ടി. ഫഹദ്, കോഴിക്കോട് പുതിയങ്ങാടി ചാപ്പംകണ്ടി സി.കെ. ജിഷ്ണു എന്നിവർക്ക് ജാമ്യം അനുവദിച്ചു.
സ്ഥാപനത്തെ തകർക്കാൻ ശ്രമം
എം.എസ് സൊല്യൂഷൻസിനെ തകർക്കാൻ മറ്റൊരു പ്രധാന സ്ഥാപനം ശ്രമിക്കുകയാണെന്ന് ഷുഹൈബ് ആരോപിച്ചു. ചോദ്യപേപ്പർ കൈപ്പറ്റിയ അദ്ധ്യാപകൻ ഫഹദിനെ അയച്ചത് ഈ സ്ഥാപനമാണ്. സെപ്തംബറിന് ശേഷമാണ് ഫഹദ് തന്റെ സ്ഥാപനത്തിൽ ജോലിക്ക് വന്നത്. ഇവർ നാട്ടിലെ പ്രാദേശിക നേതാവിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. അറസ്റ്റിലായ പ്യൂണിനെ തനിക്ക് അറിയില്ലെന്നും ഷുഹൈബ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Source link