മിഷേൽ ഷാജി കായലിൽ മരിച്ചതെങ്ങനെ? ഉത്തരമില്ലാതെ 8 വർഷം, നീതി തേടി കുടുംബം

കൊച്ചി ∙ മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് 8 വർഷമാകുമ്പോഴും നീതി തേടി കുടുംബം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും എവിടെയും എത്താത്ത കേസ് സിബിഐ അന്വേഷിക്കണമെന്നു കുടുംബം ആവശ്യപ്പെടാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചാൽ അതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുള്ള നിയമവഴി തേടാമെന്നാണു കുടുംബത്തിന്റെ പ്രതീക്ഷ. എന്നാൽ ഇതും നീണ്ടുപോവുകയാണ്. പിറവം മുളക്കുളം വടക്കേക്കര പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെയും സൈലമ്മയുടെയും മകളായ മിഷേലിനെ 2017 മാര്‍ച്ച് അഞ്ചിനാണ് കൊച്ചിയില്‍ കാണാതായത്. അന്നു വൈകിട്ട് അഞ്ചിന് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെത്തി മടങ്ങുന്ന മിഷേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തി. മിഷേലിനെ കാണാനില്ലെന്നു മാതാപിതാക്കൾ അന്നുതന്നെ സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും അന്വേഷണം തുടങ്ങാനോ പരാതി സ്വീകരിക്കാനോ പൊലീസ് തയാറായില്ലെന്നു മാതാപിതാക്കൾ പറഞ്ഞു.ക്രൈംബ്രാഞ്ച് പിന്നീട് കേസന്വേഷണം ഏറ്റെടുത്തു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണവും മിഷേൽ ആത്മഹത്യ െചയ്തതാണ് എന്ന ദിശയിൽ നീങ്ങിയതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണപരിധി വിപുലപ്പെടുത്തി അന്വേഷണം പൂർത്തിയാക്കാൻ നിർദേശിച്ച് കോടതി ഈ ആവശ്യം തള്ളി. അന്വേഷണസംഘം ഡിസംബറിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. പിന്നീട് 2 മാസം കൂടി സമയം അനുവദിച്ചു. എന്നാൽ ഫെബ്രുവരി അവസാനം വരെ റിപ്പോർട്ട് ആയിട്ടില്ലെന്ന് മിഷേലിന്റെ പിതാവ് ഷാജി വർഗീസ് പറഞ്ഞു.
Source link