‘മന്ത്രിസ്ഥാനം രാജിവച്ച് വേറെ പണിക്ക് പോകുന്നതാണ് നല്ലത്; പ്രത്യേക താൽപര്യം എന്താണെന്ന് ശിവൻകുട്ടി വ്യക്തമാക്കണം’

കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർന്നിട്ടില്ലെന്നാണു വി. ശിവൻകുട്ടി പറയുന്നതെങ്കിൽ മന്ത്രി സ്ഥാനം രാജിവച്ച് അദ്ദേഹം വേറെ പണിക്കു പോകുന്നതായിരിക്കും നല്ലതെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്. ചോദ്യക്കടലാസ് ചോർത്തിയ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യക്കടലാസ് ചോർത്തിയെന്ന് ആരോപിച്ച് ആദ്യം രംഗത്തെത്തിയ കെഎസ്‌യു വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ ചോദ്യപ്പേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക്.ചോദ്യക്കടലാസ് ചോർന്നിട്ടില്ലെന്നു പറഞ്ഞതിനു പിന്നിൽ എന്തു താൽപര്യമാണെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. സ്വകാര്യ ട്യൂഷൻ സെന്ററുകളുമായി കോഴിക്കോട് നഗരത്തിലെ ഉന്നത സിപിഎം നേതാക്കൾക്കുള്ള ബന്ധമാണോ ശിവൻകുട്ടിയെക്കൊണ്ട് ഇത്തരം പ്രസ്താവന നടത്തിച്ചതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും സൂരജ് പറഞ്ഞു.സർക്കാർ ശമ്പളം വാങ്ങി കോർപറേറ്റുകളോട് കൂറുപുലർത്തുന്നവർ വിദ്യാഭ്യാസ മേഖലയുടെ ശാപമാണ്. അത്തരക്കാരെ ജോലിയിൽ നിന്ന് പുറത്താക്കണം. ചോദ്യക്കടലാസ് അയച്ചുകൊടുത്തതിനു പ്രതിഫലം കിട്ടിയോ എന്ന് അറിയില്ലെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. ചോദ്യക്കടലാസ് വെറുതേ അയച്ചുകൊടുത്തിട്ട് എന്താണ് കാര്യം. ഇതിന് പിന്നിൽ വലിയ സാമ്പത്തിക താൽപര്യങ്ങളുണ്ട്. സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ ആരോഗ്യകരമല്ലാത്ത മത്സരം വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ്. സ്വകാര്യ ട്യൂഷൻ സെന്ററുകളെ നിയന്ത്രിക്കണം. കെഎസ്‌യു പറഞ്ഞ മുഴുവൻ കാര്യങ്ങളും ശരിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്നും സൂരജ് പറഞ്ഞു.
Source link