യുഎസുമായി കരാറൊപ്പിടാൻ തയാർ: സെലൻസ്കി

കീവ്: യുക്രെയ്ന്റെ ധാതുവിഭവങ്ങളിൽ അമേരിക്കയ്ക്ക് അവകാശം നല്കുന്ന കരാർ ഒപ്പുവയ്ക്കാൻ തയാറാണെന്നു പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടന്ന ചർച്ച നന്നായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും ധാതുവിഭവ കരാറിൽ ഒപ്പുവയ്ക്കാൻ യുക്രെയ്ൻ തയാറാണ്. കരാർ ഒപ്പുവയ്ക്കാൻവേണ്ടിയാണ് വെള്ളിയാഴ്ച സെലൻസ്കി അമേരിക്കയിലെത്തിയത്. എന്നാൽ, വൈറ്റ്ഹൗസിൽ സെലൻസ്കിയും ട്രംപും തമ്മിൽ നടന്ന ചർച്ച ചൂടേറിയ വാഗ്വാദങ്ങൾക്കിടയാക്കി. കരാർ ഒപ്പുവയ്ക്കപ്പെട്ടതുമില്ല. യുക്രെയ്ന്റെ നിലപാട് അമേരിക്കയെ ബോധ്യപ്പെടുത്താനാണു ശ്രമിച്ചതെന്നു സെലൻസ്കി വിശദീകരിച്ചു. റഷ്യയാണ് ഈ യുദ്ധം ആരംഭിച്ചതെന്ന കാര്യം ആരും മറക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നു സഹായം നല്കുന്നതിനു പകരമായി ധാതുവിഭവങ്ങളിൽ പങ്കുവയ്ക്കാൻ നിർദേശിക്കുന്ന കരാർ ട്രംപാണു മുന്നോട്ടുവച്ചത്. യുക്രെയ്നിലെ ധാതുവിഭവങ്ങളിൽനിന്നുള്ള വരുമാനത്തിന്റെ 50 ശതമാനമാണു ട്രംപ് ആവശ്യപ്പെടുന്നത്.
അതേസമയം, യുക്രെയ്നുള്ള സുരക്ഷാ ഉറപ്പുകളും കരാറിൽ വ്യവവസ്ഥ ചെയ്യണമെന്നാണു സെലൻസ്കിയുടെ ആവശ്യം. റഷ്യ വീണ്ടും യുക്രെയ്നെ ആക്രമിക്കാതിരിക്കാൻ സുരക്ഷാ ഉറപ്പുകൾ അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, ബ്രിട്ടനും ഫ്രാൻസും ചേർന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതി തയാറാക്കാൻ നീക്കം നടത്തുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ കഴിഞ്ഞ ദിവസം ലണ്ടനിൽ യൂറോപ്യൻ നേതാക്കളുടെ ഉച്ചകോടി വിളിച്ചുകൂട്ടിയിരുന്നു.
Source link