കേരള രഞ്ജി ടീമിന് ഊഷ്മള സ്വീകരണം

ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയ കേരള ക്രിക്കറ്റ് ടീം ജന്മദേശത്തു തിരിച്ചെത്തി. റണ്ണേഴ്സ് അപ്പിനുള്ള കപ്പുമായെത്തിയ സച്ചിൻ ബേബിക്കും സംഘത്തിനും കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ വൻ സ്വീകരണം നൽകി. 2024-25 രഞ്ജി ഫൈനലിനുശേഷം തിരുവനന്തപുരത്തേക്കു കേരള ടീം തിരിച്ചെത്തിയത് കെസിഎ ഏർപ്പെടുത്തിയ പ്രത്യേക സ്വകാര്യ വിമാനത്തിലായിരുന്നു. ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്ത് റണ്ണേഴ്സ് അപ്പ് ട്രോഫിയുമായെത്തിയ ടീമിനു വിമാനത്താവളത്തിലും സ്വീകരണം നൽകി. കെസിഎ ആസ്ഥാനം അലങ്കാരദീപങ്ങളാൽ മിന്നിത്തിളങ്ങി. കെസിഎ ആസ്ഥാനത്തും വൻ സ്വീകരണമായിരുന്നു നൽകിയത്. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍ എന്നിവര്‍ ടീമിനെ തിരികെ ആനയിക്കാന്‍ നാഗ്പുരിലെത്തിയിരുന്നു. വിദർഭയ്ക്ക് എതിരായ ഫൈനലിൽ ഒന്നാം ഇന്നിംഗ്സിൽ 37 റൺസ് ലീഡ് വഴങ്ങിയതാണ് കേരളത്തെ കന്നി രഞ്ജി ട്രോഫി കിരീടത്തിൽനിന്ന് അകറ്റിയത്.
മുഖ്യമന്ത്രി അനുമോദിക്കും തിരുവനന്തപുരം: രഞ്ജി ട്രോഫി റണ്ണേഴ്സ് അപ്പായ കേരളാ ടീമിനെ ഇന്ന് ആദരിക്കും. വൈകുന്നേരം ആറിന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയാകും. കായികമന്ത്രി അബ്ദു റഹിമാൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, പി. രാജീവ് , ജി. ആർ. അനിൽ, കെ.ബി. ഗണേഷ് കുമാർ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
Source link