വാളയാർ കേസ്: അമ്മയും രണ്ടാനച്ഛനും കൂടുതൽ കേസിൽ പ്രതികൾ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

കൊച്ചി ∙ വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും 3 കേസുകളില്‍ കൂടി പ്രതികളാക്കി സിബിഐ. അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്തു സിബിഐ നേരത്തേ കോടതിയില്‍ 6 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതു കോടതി അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയും രണ്ടാനച്ഛനും കൂടുതല്‍ കേസുകളില്‍ പ്രതികളാവുന്നത്. കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും പങ്കുണ്ടെന്നതിന്റെ ശക്തമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പിയേഴ്‌സ് മാത്യു കോടതിയിൽ പറഞ്ഞു. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും ഇരുവര്‍ക്കും എതിരാണ്. പ്രതികള്‍ക്ക് സമന്‍സ് അയക്കുന്നത് സംബന്ധിച്ചുള്ള ആവശ്യം 25ന് കോടതി പരിഗണിക്കും. കുട്ടി മധു, പ്രദീപ് എന്നിവര്‍ പ്രതിയായ ഒരു കേസിലാണ് ഇരുവരേയും സിബിഐ പ്രതിചേര്‍ത്തത്. ഇതില്‍ കുട്ടി മധു പ്രതിയായ പീഡനക്കേസില്‍ തുടരന്വേഷണത്തിനു കോടതി അനുമതി നല്‍കി. പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയിലുള്ള കേസിലും അമ്മയേയും രണ്ടാനച്ഛനേയും പ്രതിയാക്കാനുള്ള റിപ്പോര്‍ട്ടും ഫയല്‍ ചെയ്തു. സിബിഐ നല്‍കിയ സപ്ലിമെന്ററി ഫൈനല്‍ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു. അട്ടപ്പള്ളത്തെ വീട്ടില്‍ 2017 ജനുവരി ഏഴിനാണ് 13 വയസ്സുകാരിയെയും മാര്‍ച്ചില്‍ ഒന്‍പതുവയസ്സുള്ള അനുജത്തിയെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
Source link