‘നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടിവച്ചുകൊല്ലും; 20 ഷൂട്ടർമാർ’: തീരുമാനവുമായി ചക്കിട്ടപാറ പഞ്ചായത്ത്

കോഴിക്കോട്∙ വന്യമൃഗ ആക്രമണത്തിനെതിരെ 20 വർഷത്തോളമായി നിലവിളിക്കുന്നതല്ലാതെ യാതൊരു പരിഹാരവുമില്ലാതെ വന്നതോടെയാണ് ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചതെന്ന് പ്രസിഡന്റ് കെ. സുനിൽ. ചക്കിട്ടപാറ പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ ഈ മാസം 14 മുതൽ വെടിവച്ചുകൊല്ലുമെന്നും പ്രസിഡന്റ് കെ. സുനിൽ മനോരമ ഓൺലൈനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കടുവ, ആന ഉൾപ്പെടെ മനുഷ്യന്റെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന എല്ലാ മൃഗങ്ങളെയും വെടിവച്ചുകൊല്ലാൻ ഭരണസമിതി തീരുമാനം എടുത്തത്. ഇതിനായി 20 എം പാനൽ ഷൂട്ടർമാരെ നിയോഗിക്കാനും തീരുമാനിച്ചു.‘‘രാജ്യം മുഴുവൻ നേരിടുന്ന പ്രശ്നമാണ് വന്യമൃഗ ആക്രമണമെന്ന് സുനിൽ പറഞ്ഞു. എവിടെ നിന്നെങ്കിലും ഈ പ്രശ്നത്തിനെതിരായി ഒരു തുടക്കം കുറിക്കേണ്ടതുണ്ട്. കുരങ്ങിനെക്കൂടി കാറ്റഗറി ഒന്നിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്. എവിടെ നിന്നെങ്കിലും നിയമ ലംഘനം ആരംഭിച്ചേ മതിയാകൂ. വനത്തിൽ നിന്ന് പുറത്തിറങ്ങി മനുഷ്യനെ ആക്രമിക്കുന്ന മൃഗങ്ങളെ കൊല്ലാൻ ജനങ്ങളെല്ലാവരും കൂടി തീരുമാനിച്ചാൽ സർക്കാന് അംഗീകരിക്കാനേ സാധിക്കൂ.വന്യമൃഗ ആക്രമണത്തിനെതിരെ എവിടെയെങ്കിലും ഒരു തുടക്കമുണ്ടാേയ മതിയാകൂ. ആൾതാമസം ഇല്ലാതെ വനമായിരുന്ന സമയത്തുപോലും മുതുകാട് പോലുള്ള സ്ഥലത്ത് ഒരു വന്യമൃഗം പോലും ഇറങ്ങിയിട്ടില്ല. അഥവാ ഇറങ്ങിയാൽ ആളുകൾ വെടിവച്ചുകൊല്ലുമായിരുന്നു. അതിനാൽ ബാക്കിയുള്ളവ ഇറങ്ങാൻ പേടിക്കും. ഇപ്പോൾ കുറച്ചെണ്ണത്തെ കൊന്നാൽ ബാക്കിയുള്ളവ പേടിച്ചിട്ട് ജനവാസ മേഖലയിലേക്ക് വരാതിരിക്കാൻ സാധ്യതയുണ്ട്. ആന ഉൾപ്പെടെയുള്ള വന്യമൃഗത്തെ കൊല്ലേണ്ടി വന്നാൽ തുടർന്നുണ്ടാകുന്ന നിയമ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആലോചന നടത്തും. ഈ മാസം 13ന് പഞ്ചായത്തിൽ പ്രത്യേക യോഗം ചേരുന്നുണ്ട്. അതിന് ശേഷമായിരിക്കും വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ ആരംഭിക്കുന്നത്. തിരഞ്ഞെടുത്ത 20 ഷൂട്ടർമാർ ഇതുവരെ കാട്ടുപന്നികളെയാണ് വെടിവച്ചത്. ഇവർ മറ്റുമൃഗങ്ങളെയും വെടിവയ്ക്കാൻ തയാറാകുമെന്നാണ് കരുതുന്നത്. ഇവരും വന്യമൃഗ ആക്രമണത്തിന്റെ ഇരകളാണ്’’– സുനിൽ പറഞ്ഞു.
Source link