KERALAM

‘സിദ്ധാർത്ഥിന് സംഭവിച്ചത് മകന് സംഭവിച്ചിരുന്നെങ്കിലോ’? കാര്യവട്ടം കോളേജിലെ റാഗിംഗിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പിതാവ്

തിരുവനന്തപുരം: കാര്യവട്ടം ഗവ.കോളേജിലെ റാഗിംഗിൽ പരാതിയുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് റാഗിംഗിനിരയായ വിദ്യാർത്ഥിയുടെ പിതാവ്. ഒരു മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ട് മകനെ മർദ്ദിക്കുകയായിരുന്നു. ഇനിയും മർദ്ദിക്കുമെന്നും കൊലപ്പെടുത്തുമെന്നുമൊക്കെ അക്രമികൾ ഭീഷണിപ്പെടുത്തി. പൂട്ടിയിട്ട സമയം മകന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോയെന്നും പിതാവ് ജോസ് ആശങ്ക പ്രകടിപ്പിച്ചു.

‘സിദ്ധാർത്ഥിന് സംഭവിച്ചതുപോലെ മകന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നു. ഇനി ഒരു കുട്ടിക്കും ഇത് സംഭവിക്കരുത്. നാളെയും ഇതുതന്നെ ആവർത്തിക്കും. പരാതിയുമായി ശക്തമായി മുന്നോട്ടുപോകും’- പിതാവ് പറഞ്ഞു. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് ആണ് റാഗിംഗിനിരയായത്. സംഭവത്തിൽ ബിൻസ് കഴക്കൂട്ടം പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ ആന്റി – റാഗിംഗ് കമ്മിറ്റി റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി. സി.സി ടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ 11ന് സീനിയർ – ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നു. സംഭവത്തിൽ ബിൻസ് ജോസിനും സുഹൃത്തായ അഭിഷേകിനും സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയിൽ അന്ന് കഴക്കൂട്ടം പൊലീസ് കേസെടുക്കുകയായിരുന്നു.

അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയർ വിദ്യാർത്ഥികൾ ബിൻസിനെ പിടിച്ച് യൂണിറ്റ് റൂമിൽ കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ചതായാണ് പരാതി. ഷർട്ട് വലിച്ചു കീറി മുട്ടുകാലിൽ നിറുത്തി മുതുകിലും ചെകിട്ടത്തും അടിച്ചു. തറയിൽ വീണ ബിൻസിനെ വീണ്ടും മർദ്ദിച്ചു. വെള്ളം ചോദിച്ചപ്പോൾ തുപ്പിയ ശേഷം കുപ്പിവെള്ളം നൽകിയതായും ബിൻസ് പറയുന്നു.

തുടർന്നാണ് ബിൻസ് കഴക്കൂട്ടം പൊലീസിലും പ്രിൻസിപ്പലിനും പരാതി നൽകിയത്. സീനിയർ വിദ്യാർത്ഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ തുടങ്ങി ഏഴുപേരാണ് റാഗിംഗ് ചെയ്തെന്നാണ് പരാതി. കമ്മിറ്റിയുടെ കണ്ടെത്തലിൽ പ്രിൻസിപ്പൽ ഇന്നലെ കഴക്കൂട്ടം പൊലീസിന് റിപ്പോർട്ട് നൽകി. പ്രിൻസിപ്പലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റാഗിംഗിന് കേസെടുക്കുമെന്നാണ് കഴക്കൂട്ടം പൊലീസ് അറിയിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button