ഉദയംപേരൂർ ഐഒസി പ്ലാന്റിൽ സമരം; ആറ് ജില്ലകളിലേക്കുള്ള എൽപിജി വിതരണം മുടങ്ങി

കൊച്ചി: ഉദയംപേരൂർ ഐഒസി ബോട്ടിലിംഗ് പ്ലാന്റിൽ ലോഡിംഗ് തൊഴിലാളികൾ സമരം നടത്തുന്നതിനെ തുടർന്ന് ആറ് ജില്ലകളിലേക്കുള്ള എൽപിജി വിതരണം തടസപ്പെട്ടു. ഈ മാസത്തെ ശമ്പളം മുടങ്ങിയതും നിലവിലുള്ള ശമ്പളം വെട്ടിക്കുറച്ചതുമാണ് ജീവനക്കാർ സമരം ചെയ്യാനുള്ള കാരണം.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ എൽപിജി ബോട്ടിലിംഗ് പ്ലാന്റാണ് ഉദയംപേരൂരിലേത്. സ്ഥാപനത്തിൽ കരാർ തൊഴിലാളികളാണ് എൽപിജി സിലിണ്ടർ നിറയ്‌ക്കുന്നതും അവ ലോറികളിലേക്ക് കയറ്റുന്നതും. ഇന്ന് രാവിലെ മുതലാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. എറണാകുളത്തിന് പുറമേ തൃശൂർ, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലേക്ക് ഗ്യാസ് സിലിണ്ടറുമായി പോകേണ്ട 150ലധികം ലോറികൾ പ്ലാന്റിന് പുറത്ത് കിടക്കുകയാണ്.
കോഴിക്കോട് ചേലേരി, കൊല്ലം പാരിപ്പള്ളി, മംഗലാപുരം എന്നിവിടങ്ങളിലെ പ്ലാന്റിലേക്കും എൽപിജി കൊണ്ടുപോകുന്ന ബുള്ളറ്റ് ടാങ്കറുകളും സമരക്കാർ പിടിച്ചിട്ടിരിക്കുകയാണ്. സമരക്കാരുമായി ഐഒസി അധികൃതർ ചർച്ച ചെയ്യുന്നുവെന്നാണ് വിവരം. സമരം തുടരുകയാണെങ്കിൽ വീടുകളിലേക്കുള്ള പാചകവാതക സിലിണ്ടറുകൾ എത്തുന്നതിന് പോലും തടസമുണ്ടായേക്കും.
Source link