ലീഗിന്റെ ‘കൈ’പിടിക്കുന്നതിൽ ചർച്ചയാകാമെന്ന് പ്രവർത്തന റിപ്പോർട്ട്, രന്യയുടെ ‘ഗോൾഡൻ’ ട്രിപ്പ് – പ്രധാനവാർത്തകൾ

കൊല്ലത്ത് ആരംഭിച്ച സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ വാർത്തകളാണ് ഇന്നു രാഷ്ട്രീയ കേരളം ചർച്ച ചെയ്തത്. മുസ്‌ലിം ലീഗിനെ കൂടെ നിർത്തുന്നതിൽ ഗൗരവ ചർച്ചയാകാമെന്ന സിപിഎം പ്രവർത്തന റിപ്പോർട്ട് ആയിരുന്നു പ്രധാന വാർത്ത. കർണാടകയെ പിടിച്ചുകുലുക്കിയ സ്വർണക്കടത്തു കേസിൽ നടി രന്യ റാവു അറസ്റ്റിലായതും രന്യയുടെ മുൻകാല ഇടപാടുകളും ഇന്നത്തെ പ്രധാനവാർത്തയായിരുന്നു. വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാതാവ് ഷെമിയെ അഫ്സാന്റെ മരണവാർത്ത അറിയിച്ചതും വേദനജനിപ്പിക്കുന്ന വാർത്തയാണ്.മുസ്‌ലിം ലീഗിനെ കൂടെ നിർത്തുന്നതിൽ ഗൗരവ ചർച്ചയാകാമെന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടായിരുന്നു സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആദ്യ ദിവസം ചർച്ചയായത്. ഇനിയും കോൺഗ്രസിൽനിന്നു ആളുവരുമെന്നും സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നുണ്ട്. ജമാ അത്തെ ഇസ്‌ലാമിയുടെയും കാസയുടെയും പ്രവർത്തനം പ്രതിരോധിക്കണമെന്നും അൻവറിനെ പോലെയുള്ള സ്വതന്ത്രന്മാരെ പാർട്ടിയിലേക്ക് അടുപ്പിക്കുമ്പോൾ ശ്രദ്ധ വേണമെന്നും പറയുന്ന റിപ്പോർട്ടിൽ പക്ഷേ, പാലക്കാട് സരിനെ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമാണെന്നും പറയുന്നു. ഇ.പി.ജയരാജനും മന്ത്രി സജി ചെറിയാനുമെതിരെ കടുത്ത വിമർശനമാണ് പ്രവർത്തന റിപ്പോർട്ടിലുള്ളത്. സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എംഎൽഎയും നടനുമായ മുകേഷ് കൊല്ലത്ത് ഇല്ല. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം പാർട്ടി പരിപാടികളിൽ മുകേഷ് പങ്കെടുത്തിട്ടില്ല. സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ മുകേഷിന് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് വിവരം.വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ രണ്ടാമത്തെ മകൻ അഫ്‌സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് ഭർത്താവ് അബ്ദുൽ റഹീമിന്റെ സാന്നിധ്യത്തിൽ ബന്ധുക്കൾ വിവരമറിയിച്ചത്. ‘എന്റെ മകൻ പോയി അല്ലേ’ എന്നായിരുന്നു ഷെമിയുടെ പ്രതികരണം. സൈക്യാട്രി വിഭാഗം ഡോക്ടർമാരും മരണവാർത്ത അറിയിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു. ഒരു മരണത്തെക്കുറിച്ചു മാത്രമേ ഷെമി അറിഞ്ഞിട്ടുള്ളൂ. മറ്റു വിവരങ്ങൾ അറിയിക്കാനാകുന്ന മാനസികാവസ്ഥയിൽ അല്ല ഷെമിയെന്നു ഡോക്ടർമാർ അറിയിച്ചു. ഐസിയുവില്‍ തുടരുന്ന ഷെമിയോട് ഘട്ടം ഘട്ടമായി കുടുംബത്തില്‍ നടന്ന ദാരുണ സംഭവങ്ങള്‍ അറിയിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.കോടികളുടെ സ്വർണം കടത്തിയ കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവു ഒരു വർഷത്തിനിടെ ദുബായിലേക്കു പോയത് 30 തവണ. കിലോയ്ക്ക് ഒരു ലക്ഷം രൂപ വീതമാണു രന്യയ്ക്കു കമ്മിഷൻ ലഭിച്ചിരുന്നതെന്നും ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) അന്വേഷണത്തിൽ കണ്ടെത്തി. 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായാണു നടിയും ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളുമായ രന്യ റാവു (31) വിമാനത്താവളത്തിൽ പിടിയിലായത്. കിലോയ്ക്ക് 1 ലക്ഷം രൂപ വീതം ഓരോ ദുബായ് യാത്രയിലും 12–13 ലക്ഷം രൂപയാണു രന്യ കമ്മിഷനായി നേടിയത്.
Source link