ലോറിയും കാറുകളും പത്തോളം ബൈക്കുകളും തകർത്തു; ഇടക്കൊച്ചിയെ വിറപ്പിച്ച ഊട്ടോളി മഹാദേവനെ തളച്ചു

കൊച്ചി∙ ഇടക്കൊച്ചിയെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ആനയെ തളച്ചു. ഇടക്കൊച്ചി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ടു വന്ന ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇന്നു വൈകുന്നേരം നാലരയോടെ ഇടഞ്ഞത്. 2 കാറുകളും രണ്ടു വാനുകളും ആനയെ തൃശൂരില്‍ നിന്നെത്തിച്ച ലോറിയും പത്തോളം ബൈക്കുകളും തകർത്ത ആനയെ വൈകിട്ട് ഏഴേകാലോടെയാണ് തളയ്ക്കാനായത്. തൃശൂരിൽ നിന്ന് എത്തിച്ച ആനയെ ഇടക്കൊച്ചി ജ്ഞാനോദയം സഭ ക്ഷേത്രത്തിലാണു കുളിപ്പിക്കാനായി കൊണ്ടു വന്നത്. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആറാട്ട് എഴുന്നള്ളിപ്പിനു തയാറെടുക്കാനായിരുന്നു ഇത്. എന്നാൽ ഈ സമയത്ത് ആന ഇടയുകയായിരുന്നു. തുടർന്ന് കുറേ ദൂരം ഓടിയ ശേഷം ക്ഷേത്ര വളപ്പിലേക്ക് കടന്ന ആന അവിടെ തന്നെ ഏറെ നേരം തുടർന്നു. ഇതിനിടെയാണ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർത്തത്. പൊലീസും എലഫന്റ് സ്ക്വാഡും ഏറെ ശ്രമം നടത്തിയെങ്കിലും ഏറെ നേരത്തേക്ക് ആനയെ തളയ്ക്കാനായില്ല.ക്ഷേത്രത്തിനു മുന്നിലുള്ള മൈതാനത്ത് നാശം വിതച്ച് മുന്നേറിയ ആന അൽപ്പം ശാന്തനായതോടെ ഒരു കാലിൽ വടം കെട്ടാൻ പാപ്പാന്മാർക്കായി. ഇതോടെ ആന ഓട്ടം നിർത്തിയെങ്കിലും പാപ്പാന്മാരെ അടുപ്പിക്കാൻ കൂട്ടാക്കിയില്ല. നേരം സന്ധ്യയാവുകയും ചെയ്തതോടെ പരിഭ്രാന്തി വർധിച്ചു. വാർഡ് കൗൺസിലർ അഭിലാഷ് ജില്ലാ കലക്ടറെ ബന്ധപ്പെട്ട് വിവരമറിയിച്ചു. ഇരുട്ട് കൂടിയതോടെ ആനയെ തളയ്ക്കണമെങ്കിൽ മയക്കുവെടി വയ്ക്കേണ്ടി വരുമെന്ന ചർച്ചകൾ മുറുകുന്നതിനിടെ ആന ശാന്തനാവുകയും തളയ്ക്കുകയുമായിരുന്നു.
Source link