റാഗിംഗ് തടയാൻ വരും ജുഡിഷ്യൽ സംവിധാനം, മന്ത്രിസഭ അംഗീകരിച്ചിട്ടും നടപ്പാക്കാതിരുന്ന കമ്മിഷൻ റിപ്പോർട്ട് പരിഗണനയിൽ

# റിട്ട.ജില്ലാ ജഡ്ജിമാരെ
ഓംബുഡ്സ്മാനാക്കാൻ
കമ്മിഷൻ ശുപാർശ
തിരുവനന്തപുരം: റാഗിംഗെന്ന ക്രിമിനൽവിനോദം തടയാൻ ജുഡിഷ്യൽ അധികാരത്തോടെ സംവിധാനം വരും. വിദ്യാർത്ഥികൾക്ക് നേരിട്ട് നിർഭയമായി പരാതിപ്പെടാനും ഉടനടി നടപടിയെടുക്കാനും വഴിയൊരുങ്ങും.
നെഹ്റു കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് യുടെ മരണത്തെ തുടർന്ന് നിയോഗിച്ച ജസ്റ്റിസ് കെ.കെ.ദിനേശൻ കമ്മിഷൻ ഇതിനുള്ള ശുപാർശ 2018ൽ സർക്കാരിന് സമർപ്പിച്ചിരുന്നു.2018 ഫെബ്രുവരിയിൽ മന്ത്രിസഭായോഗം അംഗീകരിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. അതാണ് ഇപ്പോൾ പരിഗണിക്കുന്നത്.
വിരമിച്ച ജില്ലാജഡ്ജിമാരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന,ജില്ലാ തലത്തിൽ അർദ്ധജുഡിഷ്യൽ അധികാരത്തോടെ ഓംബുഡ്സ്‌മാൻ വേണമെന്നാണ് ശുപാർശ.
സംസ്ഥാനതലത്തിൽ ജുഡിഷ്യൽ സംവിധാനമൊരുക്കുന്നതിന്റെ നിയമസാധുത പരിശോധിക്കുകയാണെന്ന് മന്ത്രി ആർ.ബിന്ദു ‘കേരളകൗമുദി’യോട് പറഞ്ഞു.
കോളേജ്, യൂണിവേഴ്സിറ്റി, യു.ജി.സി തലത്തിൽ റാഗിംഗ് വിരുദ്ധസെല്ലുകളുണ്ടെങ്കിലും ഫലപ്രദമല്ല. ജാമ്യമില്ലാക്കുറ്റമായിട്ടും റാഗിംഗ് പരാതികൾ പൊലീസിന് കൈമാറാതെ ഒതുക്കുകയാണ് പതിവ്.വലിയക്രൂരതകൾ മാത്രമാണ് പുറത്തറിയുന്നത്.
കോളേജ് പ്രിൻസിപ്പൽ ചെയർമാനായി രൂപീകരിക്കുന്ന ആന്റിറാഗിംഗ്സമിതി രേഖകളിൽ മാത്രമാണ്.
റാഗിംഗ്
വിദ്യാർത്ഥിക്ക് ശാരീരികമോ,മാനസികമോ ആയി ദോഷംവരുത്തുന്ന ഏതു പ്രവൃത്തിയും റാഗിംഗാണ്. ഭയം,ആശങ്ക,നാണക്കേട്,പരിഭ്രമം സൃഷ്ടിക്കൽ, കളിയാക്കൽ,അധിക്ഷേപം,മുറിവേൽപ്പിക്കൽ എന്നിവയെല്ലാം ഇതിന്റെ നിർവചനത്തിൽ വരും.
നിയമം പിടിമുറുക്കും,
ഇരകൾക്ക് പേടി വേണ്ട
#പ്രിൻസിപ്പലും അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും സ്റ്റേഷനിലെ എസ്.എച്ച്.ഒയും റാഗിംഗ് വിരുദ്ധസമിതിയിലുണ്ടാവണമെന്നാണ്ചട്ടം. പക്ഷേ, കിട്ടുന്ന പരാതികൾ പൊലീസിലറിയിക്കാതെ ഒത്തുതീർപ്പുണ്ടാക്കി പ്രതികളെ രക്ഷിക്കുന്ന പ്രവണത വ്യാപകം.
#ജുഡിഷ്യൽ കമ്മിഷനിൽ പരാതികൊടുത്താൽ പഠനം തുടരാൻപോലും കഴിയാത്തവിധം ക്രൂരതകൾക്ക് ഇരയാകുമെന്ന ആശങ്ക ഇരകൾക്ക് വേണ്ട. മിന്നൽ പരിശോധന, അന്വേഷണം, തെളിവെടുപ്പ് എന്നിവയെല്ലാം നടത്താൻ കമ്മിഷന് അധികാരം ഉണ്ടായിരിക്കും. 24 മണിക്കൂറിനകം പൊലീസിന് ക്രിമിനൽ കേസെടുക്കേണ്ടിവരും. പരാതികൾ പൂഴ്ത്താൻ ആർക്കും കഴിയില്ല. കേസ് കോടതിയിലെത്തുമ്പോൾ, കമ്മിഷൻ നൽകുന്ന റിപ്പോർട്ട് നിർണായകമാവും.രണ്ടു വർഷം തടവും പിഴയും വിധിക്കാം. മുറിവേൽപ്പിച്ചാൽ ശിക്ഷ 10 വർഷമാവും.
#റാഗിംഗ് പരാതി കോളേജ് അധികൃതർ അവഗണിച്ചിട്ടുണ്ടെങ്കിൽ, പ്രതിക്ക് നൽകുന്ന ശിക്ഷ ലഭിക്കും. നടപടിയെടുക്കാത്ത സ്ഥാപനമേധാവിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. പ്രതികൾക്ക് 5 വർഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും പ്രവേശനം നൽകില്ല. മെഡിക്കൽ കോളേജുകളിലെ റാഗിംഗ് മറച്ചുവച്ചാൽ കോളേജിന്റെ അംഗീകാരംപോവും.
`റാഗിംഗ് നിർഭാഗ്യകരം,അപലപനീയം. ദുരനുഭവം കുട്ടികൾ തുറന്നുപറയണം. ബോധവത്കരണം നൽകും. സംസ്ഥാനതലത്തിൽ റാഗിംഗ് വിരുദ്ധസംവിധാനം ആവശ്യമാണ്. പ്രിൻസിപ്പൽമാരുടെ യോഗംവിളിക്കും’
-ഡോ.ആർ.ബിന്ദു,മന്ത്രി
Source link