ക്രൂഡ് ഓയിൽ വില 70 ഡോളറിന് താഴെ; കുതിച്ചുകയറി എണ്ണക്കമ്പനികളുടെ ഓഹരികൾ, കുറയുമോ പെട്രോൾ, ഡീസൽ വില?

രാജ്യാന്തര ക്രൂഡ് ഓയിൽ (Crude oil price) വില ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ബാരലിന് 70 ഡോളറിന് താഴേക്ക് വീണതോടെ, കുതിച്ചുകയറി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികൾ. ബ്രെന്റ് ക്രൂഡ് വില ബാരലിന് 68.56 ഡോളറിലേക്കും ഡബ്ല്യുടിഐ ക്രൂഡ് വില 65.37 ഡോളറിലേക്കുമാണ് ഇടിഞ്ഞത്. നിലവിൽ വില ഡബ്ല്യുടിഐക്ക് 66.62 ഡോളറിലേക്കും ബ്രെന്റ് വില 69.57 ഡോളറിലേക്കും മെച്ചപ്പെട്ടിട്ടുണ്ട്. ഒരുവർഷം മുമ്പ് ബ്രെന്റ് വില 91ഡോളറും ഡബ്ല്യുടിഐ വില 87 ഡോളറുമായിരുന്നു. ഇന്ത്യൻ ബാസ്കറ്റ് (ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നവില) നടപ്പുവർഷം (2024-25) ഏപ്രിലിൽ ശരാശരി 89 ഡോളറായിരുന്നെങ്കിൽ ഇന്നലെ 71.09 ഡോളറാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കീഴിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) കണക്കുകൾ വ്യക്തമാക്കി. അതായത്, ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന വില കുറഞ്ഞു.ക്രൂഡ് വില ഇടിഞ്ഞതിന്റെ കരുത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികളുടെയും ക്രൂഡ് ഓയിൽ അസംസ്കൃതവസ്തുമായി ഉപയോഗിക്കുന്ന പെയിന്റ് നിർമാണക്കമ്പനികളുടെയും മറ്റും ഓഹരികൾ ഇന്നു വൻതോതിൽ ഉയർന്നു. ഈ മാസം മൂന്നിന് 52-ആഴ്ചത്തെ താഴ്ചയിലായിരുന്നു മൂന്ന് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെയും ഓഹരിവില. ഇന്ത്യൻ ഓയിലിന്റെ ഓഹരികൾ ഇന്ന് ഒരുഘട്ടത്തിൽ 126.88 രൂപവരെയെത്തി. വ്യാപാരം അവസാനിപ്പിച്ചത് 2.65% നേട്ടവുമായി 125.49 രൂപയിൽ. മാർച്ച് മൂന്നിന് വില 52-ആഴ്ചത്തെ താഴ്ചയായ 110.72 രൂപയായിരുന്നു.
Source link