രാജുവിന്റെ ഡ്രൈവറും ബന്ധുക്കളും വധിക്കാൻ ക്വട്ടേഷൻ നൽകി, പരാതിയുമായി ജില്ലാ സെക്രട്ടറിയുടെ മകൻ; സിപിഐയിൽ ആഭ്യന്തര കലഹം

കൊച്ചി ∙ മുൻ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണത്തിനു പിന്നാലെ എറണാകുളം ജില്ലയിലെ സിപിഐയിൽ ആഭ്യന്തര കലഹം രൂക്ഷമായി. രാജുവിന്റെ ഡ്രൈവറും ബന്ധുക്കളും ചേർന്ന് തന്നെയും കൂടെയുള്ളവരെയും വധിക്കാൻ ‘ക്വട്ടേഷൻ’ നൽകിയെന്ന് കാട്ടി നിലവിലെ സെക്രട്ടറിയുടെ മകൻ പൊലീസിൽ പരാതി നൽകി. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്റെ മകനും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ഡിവിൻ ആണ് തന്നെ വധിക്കാന്‍ ഗൂഡാലോചന നടക്കുന്നതായി കാട്ടി എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്ക് പരാതി നൽകിയത്.എറണാകുളം ജില്ലയിലെ സിപിഐയിൽ ആഭ്യന്തര പ്രശ്നങ്ങൾ നേരത്തേ തന്നെ രൂക്ഷമായിരുന്നു. അന്തരിച്ച പി.രാജുവും കൂട്ടരും ഒരു ഭാഗത്തും നിലവിലെ ജില്ലാ നേതൃത്വം മറുഭാഗത്തുമായുള്ള ആഭ്യന്തര പ്രശ്നങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. രാജു സെക്രട്ടറിയായിരുന്ന സമയത്ത് പാർട്ടി കണക്കുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ തരംതാഴ്ത്തിയിരുന്നു. എന്നാൽ രാജു പാർട്ടി കൺട്രോൾ കമ്മിഷനിൽ പരാതി നൽകി. വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്താൻ പറ്റിയിട്ടില്ലെന്നും അതിനാൽ രാജുവിനെ ഉചിതമായ കമ്മിറ്റിയിൽ പുനഃപ്രവേശിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കണമെന്നും കൺട്രോൾ കമ്മിഷൻ നിർേദശിച്ചിരുന്നു. ഇതിനിടെയാണ് രാജു അന്തരിക്കുന്നത്. പാർട്ടിയിലെ പീഡനങ്ങള്‍ മൂലം രാജു അന്തരിച്ചതാണ് എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ വാദിച്ചിരുന്നത്. രാജുവിനെതിരെ നടപടി സ്വീകരിക്കാൻ മുന്നിൽ നിന്നവർ സംസ്കാര ചടങ്ങിന് എത്തേണ്ടെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ജില്ലാ നേതൃത്വത്തോടുള്ള എതിര്‍പ്പ് മൂലം മൃതദേഹം പാർട്ടി ഓഫീസിനു പകരം പറവൂർ മുൻസിപ്പൽ ടൗൺഹാളിലാണ് പൊതുദർശനത്തിനു വയ്ക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം അനുമതി നൽകിയത്.
Source link