ബിജെപി തേരോട്ടം ; പഞ്ചാബ് തൂത്തുവാരി എഎപി

ന്യൂഡൽഹി: ഇന്ത്യയുടെ ഭാവിഭരണത്തിൽ നിർണായകമാകുന്ന ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലിടത്തും ബിജെപിക്കു വിജയം. പഞ്ചാബിൽ കോണ്‍ഗ്രസിനെ താഴെയിറക്കി ആം ആദ്മി പാർട്ടി അധികാരത്തിലെത്തി. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ ഭരണത്തുടർച്ചയിലെത്തി. ഉത്തരാഖണ്ഡിലും ഭരണത്തുടർച്ചയോടെ ബിജെപി വിജയിച്ചു. ഗോവയിൽ തുടർച്ചയായി മൂന്നാം തവണയാണ് ബിജെപി ജയം. മണിപ്പൂരിലും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നിലംപരിശായി. ഉത്തർപ്രദേശിൽ ബിജെപിയുടെ പ്രധാന എതിരാളിയായ സമാജ്വാദി പാർട്ടിയുടെ വോട്ട് വിഹിതത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഗോവയിൽ ബിജെപിക്കു സർക്കാർ രൂപീകരിക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി ഉറപ്പുനൽകിയിട്ടുണ്ട്. പഞ്ചാബിൽ ഭഗവന്ത് മാന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി സർക്കാർ അധികാരത്തിലെത്തും.
ഉത്തരാഖണ്ഡിൽ അനായാസമായിരുന്നു ഭരണത്തുടർച്ചയെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ തോൽവി ബിജെപിയെ ഞെട്ടിച്ചു. ഖാത്തിമ മണ്ഡലത്തിൽ 6932 വോട്ടിനായിരുന്നു തോൽവി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും പരാജയപ്പെട്ടു. നാലു സംസ്ഥാനങ്ങളിലെയും തിളക്കമേറിയ വിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ളവരും ഡൽഹി ബിജെപി ആസ്ഥാനത്തെത്തി. സെബി മാത്യു
Source link