‘എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുക, ഇല്ലെങ്കിൽ നരകിക്കേണ്ടി വരും’: ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്


വാഷിങ്ടൻ ∙ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിനിടെ, ഹമാസിനെതിരെ അന്ത്യശാസനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ഉടൻ കൈമാറണമെന്നു ട്രംപ് നിർദേശിച്ചു. ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണു മുന്നറിയിപ്പ്.‘ശാലോം ഹമാസ്’ എന്നാൽ ഹലോ, ഗുഡ്‌ബൈ എന്നാണ് അർഥം. നിങ്ങൾക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. എല്ലാ ബന്ദികളെയും ഇപ്പോൾ വിട്ടയയ്ക്കുക.  നിങ്ങൾ കൊലപ്പെടുത്തിയ ആളുകളുടെ എല്ലാ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക. ഇല്ലെങ്കിൽ എല്ലാം ഇതോടെ അവസാനിച്ചു– ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് എഴുതി.‘‘ജോലി പൂർത്തിയാക്കാൻ വേണ്ടതെല്ലാം ഞാൻ ഇസ്രയേലിലേക്ക് അയയ്ക്കുന്നു, ഞാൻ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ ഒരു ഹമാസ് അംഗം പോലും സുരക്ഷിതനായിരിക്കില്ല. നിങ്ങൾ ജീവിതം നശിപ്പിച്ച ബന്ദികളെ ഞാൻ കണ്ടു. ഇത് നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണ്. ഇപ്പോൾ ഗാസ വിടാനുള്ള സമയമാണ്. ഇപ്പോഴും ഒരവസരം ബാക്കിയുണ്ട്. ഗാസയിലെ ജനങ്ങളോട്, നിങ്ങൾ‌ക്കു മനോഹരമായ ഭാവി കാത്തിരിക്കുന്നു. പക്ഷേ നിങ്ങൾ ബന്ദികളെ പിടിച്ചുവയ്ക്കരുത്. അങ്ങനെ ചെയ്താൽ, മരണമാകും ഫലം. ബുദ്ധിപൂർവമായ തീരുമാനം എടുക്കുക. ഇപ്പോൾ തന്നെ ബന്ദികളെ വിട്ടയയ്ക്കുക, അല്ലെങ്കിൽ നരകിക്കേണ്ടി വരും’’– ട്രംപ് വ്യക്തമാക്കി.


Source link

Exit mobile version