ബാധ്യതകൾ തീർക്കാനുള്ള എന്റെ നെട്ടോട്ടം തുടരുകയാണ്: കുറിപ്പുമായി നടൻ സുബീഷ് സുധി

വിട പറഞ്ഞ തിരക്കഥാകൃത്ത് നിസാം റാവുത്തറിനെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നടൻ സുബീഷ് സുധി. ‘‘പ്രിയപ്പെട്ട നിസാമിക്ക പോയിട്ട് ഒരു വർഷമാകുന്നു. നിസാമിക്ക ഒരു പക്ഷേ ഭാഗ്യവാനായിരുന്നു എന്ന് പറയാം. നമ്മൾ ഒരുമിച്ചുണ്ടാക്കിയ നല്ലൊരു പടം, ഒരുപാട് നിരൂപക പ്രശംസ കിട്ടിയ പടം കൂടുതലാൾക്കാരിലേക്കെത്തിക്കാൻ കഴിയാത്തതിലുള്ള സങ്കടമുണ്ട്. ആ സിനിമയുടെ ബാധ്യതകളും പേറി ഞാനിന്നും നെട്ടോട്ടമോടുകയാണ്. ഒരു പക്ഷേ എന്റെ ജീവിതവും വല്ലാത്തൊരവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്.ഒരു നല്ല സിനിമ നല്ല രീതിയിൽ സ്വീകരിക്കപ്പെടാത്ത ദുഃഖം എനിക്കുണ്ട്. മലയാള സിനിമയ്ക്കുണ്ടായ പ്രതിസന്ധിയിൽ അകപ്പെട്ടുപോയ സിനിമകൂടിയാണിത്. പക്ഷേ ഈ സിനിമ ഇന്നല്ലെങ്കിൽ നാളെ ലോകമറിയുമെന്ന വിശ്വാസം എനിക്കുണ്ട്. കൂടുതൽ എഴുതാൻ പറ്റുന്നില്ല. ബാധ്യതകൾ തീർക്കാനുള്ള എന്റെ നെട്ടോട്ടം തുടരുകയാണ്. അത് എവിടെയെങ്കിലും എത്തിച്ചേരുമെന്ന ആത്മവിശ്വാസമുണ്ട്. എന്നത്തേയും പോലെ നിസ്സാമിക്കയെ ഓർത്തുകൊണ്ട് നിർത്തുന്നു.’’–സുബീഷിന്റെ വാക്കുകള്‍.സക്കറിയയുടെ ഗർഭിണികൾ, ബോംബെ മിഠായി തുടങ്ങിയ സിനിമകളുടെയും തിരക്കഥാകൃത്തായ നിസാം അവസാനമെഴുതിയ സിനിമയായിരുന്നു സുബീഷ് നായകനായെത്തിയ ‘ഒരു സർക്കാർ ഉത്പന്നം’. ഈ സിനിമ റിലീസി ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് നിസാം വിടപറയുന്നത്. നിരൂപകർ ഉൾപ്പടെ സിനിമയെ പ്രശംസിച്ചെത്തിയിട്ടും തിയറ്ററുകളിൽ പക്ഷേ വിജയമായില്ല. ഷെല്ലി കിഷോർ ആയിരുന്നു നായിക.
Source link